ആലപ്പുഴ : അഡ്വ. യു പ്രതിഭയുടെ പേജിൽ മന്ത്രി ജി സുധാകരനെ ലക്ഷ്യംവച്ചുള്ള ഒളിയമ്പ് പോസ്റ്റ് വന്നതില്‍ എംഎൽഎയെ തള്ളി സിപിഎം ജില്ല നേതൃത്വം. ജില്ല സെക്രട്ടറി ആർ നാസറാണ് പ്രതികരണവുമായി രംഗത്തെത്തിയത്. എംഎൽഎയുടെ പോസ്റ്റ് ആരെ ഉദ്ദേശിച്ചാണെന്ന് അറിയില്ല. അത്തരത്തിലൊരു പോസ്റ്റ് ഇടാനുണ്ടായ സാഹചര്യവും അറിയില്ല. വിവാദ പോസ്റ്റുകൾ ഇടരുത് എന്ന പൊതുവായ നിർദേശം എല്ലാവർക്കും നൽകിയിട്ടുണ്ട്. എംഎൽഎയ്ക്കും ഇക്കാര്യം ബാധകമാണെന്നും സിപിഎം ജില്ല സെക്രട്ടറി പ്രതികരിച്ചു. ഫേസ്ബുക്ക് ഹാക്ക് ചെയ്തത് സംബന്ധിച്ച് എംഎൽഎ പൊലീസിൽ പരാതി നൽകിയതായി മാധ്യമങ്ങളിലൂടെ അറിഞ്ഞു. എന്നാൽ ഇത്തരമൊരു കാര്യം പാർട്ടിക്ക് അറിയില്ലെന്നും ആർ നാസർ വ്യക്തമാക്കി.
തന്‍റെ ഫേസ്ബുക്ക് പേജ് മറ്റാരോ ഹാക്ക് ചെയ്തെന്നും ആ പോസ്റ്റിൽ ഇനി ചർച്ച വേണ്ടെന്നുമായിരുന്നു രാവിലെ എംഎൽഎ നല്‍കിയ വിശദീകരണം. എന്നാൽ ഇതും നിമിഷങ്ങൾക്കകം പേജിൽ നിന്ന് അപ്രത്യക്ഷമായിരുന്നു. തുടർന്ന് തന്‍റെ പേജ് ഹാക്ക് ചെയ്യപ്പെട്ടെന്നാരോപിച്ച് അഡ്വ.യു പ്രതിഭ തന്നെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം നിലനില്‍ക്കെയാണ് മന്ത്രി ജി സുധാകരനെതിരെ ഒളിയമ്പുമായി എംഎല്‍എയുടെ ഫേസ്ബുക്ക് പേജിൽ ഇന്നലെ രാത്രി 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന പോസ്റ്റ് വന്നത്. എന്നാല്‍ പോസ്റ്റിന് താഴെ സിപിഎം പ്രവർത്തകരുടെ തന്നെ പ്രതിഷേധ കമന്‍റുകൾ വന്നതോടെ പിൻവലിക്കപ്പെട്ടു.