കേരളം

kerala

ETV Bharat / state

ആലപ്പുഴയില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ - കൊവിഡ് വാക്‌സിന്‍

ജില്ലയില്‍ ജനറല്‍ ആശുപത്രി ആലപ്പുഴ, ആര്‍.എച്ച്.റ്റി.സി ചെട്ടികാട്, പ്രാഥമികാരോഗ്യകേന്ദ്രം പുറക്കാട്, സേക്രട്ട് ഹാര്‍ട്ട് ജനറല്‍ ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളിലാണ് ഡ്രൈറണ്‍ നടക്കുന്നത്.

COVID VACCINE DRY RUN  COVID VACCINE  കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ഇന്ന്  കൊവിഡ് വാക്‌സിന്‍  ഡ്രൈ റണ്‍ ഇന്ന്
ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ ഇന്ന്

By

Published : Jan 8, 2021, 3:22 AM IST

ആലപ്പുഴ:ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച കൊവിഡ് വാക്‌സിന്‍ ഡ്രൈ റണ്‍ നടത്തും. വാക്‌സിന്‍ വിതരണത്തിനുളള മുന്നൊരുക്കങ്ങള്‍ പ്രായോഗിക തലത്തില്‍ പരിശോധിച്ച് ഉറപ്പു വരുത്തുന്നതിനാണ് ഡ്രൈ റണ്‍ സംഘടിപ്പിക്കുന്നത്. ജില്ലയില്‍ ജനറല്‍ ആശുപത്രി ആലപ്പുഴ, ആര്‍.എച്ച്.റ്റി.സി ചെട്ടികാട്, പ്രാഥമികാരോഗ്യകേന്ദ്രം പുറക്കാട്, സേക്രട്ട് ഹാര്‍ട്ട് ജനറല്‍ ആശുപത്രി ചേര്‍ത്തല എന്നിവിടങ്ങളിലാണ് ഡ്രൈറണ്‍ നടക്കുന്നത്.
വാക്‌സിന്‍ വിതരണത്തിനായി തയ്യാറാക്കിയ പ്രത്യേക പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും 25 പേരെ വീതം തെരഞ്ഞെടുത്താണ് ഡ്രൈ റണ്‍ നടത്തുന്നത്. തെരഞ്ഞെടുത്തവരുടെ മൊബൈല്‍ ഫോണില്‍ ലഭ്യമാകുന്ന വിവരങ്ങള്‍ ആദ്യം പരിശോധിക്കുന്നു.

തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത സമയത്ത് സമര്‍പ്പിച്ച തിരിച്ചറിയല്‍ രേഖ പരിശോധിച്ചതിനു ശേഷം കാത്തിരിപ്പു മുറിയില്‍ സാമൂഹിക അകലം പാലിച്ച് ഇരുത്തുന്നു. തുടര്‍ന്ന് ഊഴം അനുസരിച്ച് വാക്‌സിനേഷന്‍ റൂമിലേക്ക് ഒരാളെ വീതം പ്രവേശിപ്പിക്കുന്നു. അവിടെ വാക്‌സിന്‍ എടുക്കുന്നതിന്റെ ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം നിരീക്ഷണ മുറിയിലേക്ക് അര മണിക്കൂര്‍ ഇരുത്തുന്നു. ഇത്തരത്തില്‍ വാക്‌സിന്‍ സ്വീകരിക്കാന്‍ എത്തുന്നവര്‍ക്കുളള കാത്തിരിപ്പ് മുറി, വാക്‌സിന്‍ എടുക്കുന്ന വാക്‌സിനേഷന്‍ മുറി, നിരീക്ഷണത്തിലിരിക്കാനുളള മുറി എന്നിങ്ങനെ മൂന്നു മുറികള്‍ വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ക്രമീകരിച്ചിട്ടുണ്ടാകും.
ആദ്യ ഘട്ടത്തില്‍ സര്‍ക്കാര്‍ സ്വകാര്യ മേഖലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍, ആശാ പ്രവര്‍ത്തകര്‍, ഐ.സി.ഡി.എസ് അങ്കണവാടി ജീവനക്കാര്‍ എന്നിവര്‍ക്കാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്. ജില്ലയില്‍ 18,294 പേരെ ഇതുവരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വാക്‌സിന്‍ വിതരണത്തിനുളള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.അനിതകുമാരി.എല്‍ അറിയിച്ചു.
കൊവിഡ് വാക്‌സിന്‍റെ ഡ്രൈ റണ്‍ നടത്തുന്നതിനായി അഞ്ച് ഉദ്യോഗസ്ഥരെയാണ് ഓരോ കേന്ദ്രത്തിലും നിയോഗിച്ചിട്ടുള്ളത്. വാക്‌സിന്‍ നല്‍കാനായി ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍/ സ്റ്റാഫ് നഴ്‌സിനെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. രണ്ട് മണിക്കൂര്‍ കൊണ്ട് ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കും. ഇത് സംബന്ധിച്ച ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ജില്ല കലക്ടര്‍ എ അലക്‌സാണ്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിതാകുമാരി, ഡെപ്യൂട്ടി കളക്ടര്‍ ആശാ സി. എബ്രഹാം, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ABOUT THE AUTHOR

...view details