നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കായംകുളം സ്വദേശികളും - latest covid 19
നിസാമുദ്ദീനിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കായംകുളം സ്വദേശികളും.
ആലപ്പുഴ: ഡൽഹി നിസാമുദ്ദീനിലെ മർക്കസ് പള്ളിയിലെ തബ്‌ലീഗ് സമ്മേളനത്തിൽ പങ്കെടുത്തവരിൽ കായംകുളം സ്വദേശികളും. ഡോക്ടർമാർ അടക്കമുള്ളവരുടെ സംഘമാണ് നിസാമുദ്ദീനിൽ പോയി മടങ്ങിയെത്തിയത്. മാർച്ച് 22 നാണ് ഇവർ കായംകുളം റെയിൽവേ സ്റ്റേഷനിൽ എത്തിയത്. നിസാമുദ്ദീൻ എക്‌സ്‌പ്രസില്‍ തിരിച്ചുവന്നവരെ റെയിൽവേ സ്റ്റേഷൻ ആരോഗ്യ പ്രവർത്തകർ പ്രാഥമിക പരിശോധനയ്ക്ക് വിധേയരാക്കിയിരുന്നു. എട്ട് പേരടങ്ങുന്ന സംഘത്തെ ആരോഗ്യ വകുപ്പ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവർക്ക് നിലവിൽ രോഗ ലക്ഷണങ്ങൾ ഒന്നും തന്നെ കണ്ടെത്തിയിട്ടില്ല. ഇവരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിരുന്നു. ഇത് എല്ലാവരും പൂർണമായും പാലിച്ചിട്ടുണ്ടോയെന്നാണ് നിലവിൽ ആരോഗ്യ വകുപ്പ് അധികൃതർ അന്വേഷിക്കുന്നത്.