ആലപ്പുഴ:കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ ജില്ലയിലെ ബീച്ചുകളിൽ വാരാന്ത്യങ്ങളിലും അവധിദിവസങ്ങളിലും പ്രവേശനം ഏഴ് മണി വരെ മാത്രം. കലക്‌ടര്‍ അലക്‌സാണ്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല ദുരന്തനിവാരണ അതോറിറ്റി യോഗത്തിലാണ് തീരുമാനം. വിവാഹം, പൊതുചടങ്ങുകൾ എന്നിവയില്‍ ആളുകളുടെ എണ്ണം നിയന്ത്രിക്കുന്നതിനൊപ്പം സമയം രണ്ട് മണിക്കൂറായി ചുരുക്കാനും തീരുമാനിച്ചിട്ടുണ്ട്.
വിവാഹം, പൊതുചടങ്ങുകൾ, വാർഷിക പരിപാടികൾ, രാഷ്‌ട്രീയ സാംസ്‌കാരിക പരിപാടികൾ തുടങ്ങിയവയെല്ലാം കൊവിഡ് ജാഗ്രത പോർട്ടലിൽ നിർബന്ധമായും രജിസ്റ്റർ ചെയ്യണം. വിവാഹത്തില്‍ ബന്ധപ്പെട്ട വീട്ടുകാരും ഓഡിറ്റോറിയങ്ങളിൽ നടക്കുന്ന പരിപാടികളില്‍ ഉടമസ്ഥരും, പള്ളി പരിപാടികൾ, ഉത്സവങ്ങൾ തുടങ്ങിയവയില്‍ സംഘാടകരും കൊവിഡ് 19 ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. കടകളിലും മറ്റും നിൽക്കുന്ന ജീവനക്കാർ ഒരാഴ്‌ചയ്ക്കുള്ളിൽ ആർടി പിസിആർ ടെസ്റ്റിന് വിധേയമാകണം.