ആലപ്പുഴ:ആംബുലൻസിന് കാത്തു നിൽക്കാതെ കൊവിഡ് രോഗിയെ ഇരുചക്ര വാഹനത്തിൽ കൃത്യ സമയത്ത് ആശുപത്രിയിലെത്തിച്ച സന്നദ്ധ പ്രവർത്തകരാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരങ്ങൾ. കൃത്യ സമയത്ത് കൊവിഡ് രോഗിയായ സുധിയെ (36) ആശുപത്രിയിലെത്തിച്ച അശ്വിൻ കുഞ്ഞുമോനും രേഖയും പുന്നപ്രയിലെ ഡിവൈഎഫ്ഐ പ്രവർത്തകരാണ്.
Read more: കൊവിഡ് രോഗിയെ ആശുപത്രിയിൽ എത്തിച്ചത് ഇരുചക്രവാഹനത്തിൽ ;ദൃശ്യങ്ങൾ പുറത്ത്
പുന്നപ്ര സഹകരണ എൻജിനിയറിങ് കോളജിൽ പ്രവർത്തിക്കുന്ന കൊവിഡ് കെയർ സെൻ്ററിൽ ഭക്ഷണം നൽകാൻ അശ്വിൻ കുഞ്ഞുമോനും രേഖയും എത്തിയപ്പോഴാണ് ശ്വാസം കിട്ടാതെ പിടയുന്ന സുധിയെ കാണുന്നത്. തുടർന്ന് ആംബുലൻസ് എത്തിക്കാൻ വേണ്ടി ശ്രമിച്ചെങ്കിലും സമയമെടുക്കും എന്നതിനാൽ സന്നദ്ധപ്രവർത്തകരായ അശ്വിൻ കുഞ്ഞുമോനും രേഖയും ചേർന്ന് പിപിഇ കിറ്റ് ധരിച്ച് രോഗിയെ ബൈക്കിൽ കൊണ്ടുപോവുകയായിരുന്നു.
കൊവിഡ് രോഗിയുടെ ജീവൻ രക്ഷിച്ച സന്നദ്ധ പ്രവർത്തകർ ഇവരാണ് രോഗലക്ഷണങ്ങൾ ഇല്ലാത്തവർക്ക് വേണ്ടി സജ്ജീകരിച്ചിരിക്കുന്ന കേന്ദ്രമായ ഡൊമിസിലറി കൊവിഡ് കെയർ സെൻ്ററിൽ നിന്നാണ് കൊവിഡ് രോഗിയെ 100 മീറ്റർ അകലമുള്ള പുന്നപ്ര സഹകരണ ആശുപത്രിയിലേക്ക് ബൈക്കിൽ കൊണ്ടുപോയത്. കൃത്യസമയത്ത് തന്നെ രോഗിക്ക് പ്രാഥമിക ശുശ്രൂഷ നൽകിയതിനാലാണ് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത് എന്ന് ആരോഗ്യ പ്രവർത്തകരിൽ പറയുന്നു. പുന്നപ്ര വടക്ക് മേഖലാ കമ്മിറ്റി അംഗങ്ങളായ അശ്വിനും രേഖയും വളരെ സജീവമായി പ്രദേശത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നവരാണ്.