ആലപ്പുഴ: തുടർച്ചയായ രണ്ട് പ്രളയങ്ങൾ തകർത്തെറിഞ്ഞ ആലപ്പുഴയിലെ വിനോദസഞ്ചാര മേഖലയെ കൂടുതൽ പ്രതിസന്ധിയിലാക്കുകയാണ് ഈ കൊവിഡ് കാലം. ചെറുകിട റിസോർട്ടുകളുടെയും ഹോംസ്റ്റേകളുടെയും അവസ്ഥയാണ് ഏറെ പരിതാപകരം. സഞ്ചാരികൾ കൂടുതലായെത്തുന്ന വേനൽക്കാലത്ത് സഞ്ചാരികൾക്ക് പകരമെത്തിയത് കൊവിഡ് രോഗബാധയായിരുന്നു.
സഞ്ചാരികൾക്കായി വാതില്‍ തുറന്നു; എത്തിയതാകട്ടെ കൊവിഡും - alappuzha tourism
കൊവിഡ് പ്രതിസന്ധിയില്‍ വിനോദസഞ്ചാര മേഖല
നിലവിൽ ജില്ലയിൽ കൊവിഡ് കേസുകളൊന്നുമില്ലെങ്കിലും ലോക്ക് ഡൗണും കൊവിഡ് വ്യാപനവും കാരണം ഈ സീസണിലെത്തേണ്ട സഞ്ചാരികൾ ആലപ്പുഴയിലേക്കില്ലെന്ന തീരുമാനത്തിലാണ്. ലോണെടുത്തും കടം വാങ്ങിയുമാണ് വിനോദസഞ്ചാരികൾക്കായി വീടുകൾ നിർമിച്ചത്. ഇവയാകട്ടെ പ്രളയങ്ങളില്‍ തകരുകയും ചെയ്‌തു. ഉള്ളതെല്ലാം വിറ്റുപെറുക്കിയാണ് വീണ്ടുമെല്ലാം കെട്ടിപ്പൊക്കിയത്. സർക്കാർ സഹായത്തിനായി നൽകിയ അപേക്ഷകൾ ചുവപ്പുനാടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇതിനിടയിൽ കൊവിഡ് കൂടി എത്തിയതോടെ ജീവിതം തന്നെ വഴിമുട്ടിയ അവസ്ഥയിലാണ്. ഹോംസ്റ്റേ ഉടമകളില്‍ പലരും മറ്റ് പല ജോലികളും ഉപേക്ഷിച്ചാണ് പുതിയ സംരംഭം ആരംഭിച്ചത്.
പ്രളയത്തിൽ തകർന്ന വീടുകൾക്ക് മാത്രമാണ് ആദ്യഘട്ടത്തിൽ ധനസഹായം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഹോംസ്റ്റേകൾക്ക് കൂടി അവ ലഭ്യമാക്കാനുള്ള ആലോചനകൾ നടന്നിരുന്നെങ്കിലും പിന്നീടത് ഉപേക്ഷിക്കുകയായിരുന്നു. വരുമാന മാര്‍ഗമില്ലാതായെങ്കിലും നാട്ടിലേക്ക് മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ക്വാറന്‍റൈൻ സംവിധാനമൊരുക്കാൻ ഹോംസ്റ്റേകൾ വിട്ടുനൽകാന്‍ ഇവര്‍ക്കൊരു മടിയുമില്ല. നാടിനെ വേണ്ടി എന്തുസഹായം വേണമെങ്കിലും നല്‍കാന്‍ തയ്യാറായ ഇവര്‍ക്ക് സര്‍ക്കാര്‍ സഹായമാണ് ഏക പ്രതീക്ഷ.