ആലപ്പുഴ: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആലപ്പുഴയിൽ എത്തിയ രാഹുൽഗാന്ധി തെരഞ്ഞെടുപ്പ് യോഗത്തിൽ പ്രസംഗിക്കവേ തെരുവിൽ കോൺഗ്രസ് പ്രവർത്തകരുടെ ഗ്രൂപ്പ് പോര്. ആലപ്പുഴയിലെ സ്വീകരണ സമ്മേളനത്തിലായിരുന്നു രാഹുലിന്‍റെ പ്രസംഗം നടക്കവേ പ്രവർത്തകർ ഗ്രൂപ്പ് തിരിഞ്ഞ് ഏറ്റുമുട്ടിയത്. ഐ ഗ്രൂപ്പിന് സ്വാധീനമുള്ള ജില്ലയിലെ പരിപാടിയിൽ നിന്ന് എ ഗ്രൂപ്പ് നേതാക്കളെ ഒഴിവാക്കാനുള്ള ശ്രമം നടത്തിയെന്നാരോപിച്ചാണ് ഒരുവിഭാഗം പ്രവർത്തകർ പ്രതിഷേധം ഉയർത്തിയത്.
രാഹുലിന് മുന്നിലും തെരുവിൽ കോൺഗ്രസ് പ്രവർത്തകരുടെ തമ്മിൽ തല്ല്
കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്‌നങ്ങൾ താൽക്കാലികമായി പരിഹരിച്ചത്
ഇതിനിടെ എ ഗ്രൂപ്പ് പ്രവർത്തകർ നടത്തിയ ചില പരാമർശങ്ങൾ രസിക്കാഞ്ഞ ഐ ഗ്രൂപ്പ് പ്രവർത്തകർ ഇതിനെ ചോദ്യം ചെയ്‌ത് രംഗത്തെത്തിയതോടെ സംഭവം വഷളാവുകയായിരുന്നു. തുടർന്ന് പൊലീസ് ഇടപെട്ട് പ്രവർത്തകരെ നിയന്ത്രിക്കാൻ ശ്രമിച്ചത് പ്രശ്‌നങ്ങൾ കൂടുതൽ വലുതാക്കി. ഒടുവിൽ കെ.സി. വേണുഗോപാൽ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ ഇടപെട്ടാണ് പ്രശ്‌നങ്ങൾ താൽക്കാലികമായി പരിഹരിച്ചത്. തെരഞ്ഞെടുപ്പ് കാലത്ത് ഉണ്ടാവുന്ന ഗ്രൂപ്പ് പോരുകൾ സ്ഥാനാർഥികളുടെ വിജയത്തെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ജില്ലയിലെ യുഡിഎഫ് നേതൃത്വം.