ആലപ്പുഴ: കാർത്തികപ്പള്ളി താലൂക്കിലെ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ ക്ലസ്റ്റർ ക്വാറന്‍റൈന്‍ കണ്ടെയ്ന്‍മെന്‍റ് സോണുകളായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. ആറാട്ടുപുഴ പഞ്ചായത്തിൽ കൊവിഡ് രോഗ ബാധ സ്ഥിരീകരിച്ച വ്യക്തിയുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തിരുന്നു. രോഗിയുടെ ഭർത്താവ് മത്സ്യബന്ധന മേഖലയിൽ ജോലി ചെയ്ത ആളാണെന്നും ഇദ്ദേഹത്തിന് ഹാർബറിലും തീരപ്രദേശങ്ങളിലും ആയി നിരവധി പേരുമായി സമ്പർക്കം ഉണ്ടായിട്ടുണ്ടെന്നും അതിനാൽ ആറാട്ടുപുഴ പഞ്ചായത്തിലെ ആറ്, ഏഴ് വാർഡുകൾ കണ്ടൈൻമെന്‍റ് സോൺ ആക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ റിപ്പോർട്ട് ചെയ്തു.
വിഷയത്തിന്‍റെ ഗൗരവവും അടിയന്തര പ്രാധാന്യവും കണക്കിലെടുത്ത് രോഗവ്യാപനം തടയാനായാണ് ഇവ കണ്ടൈൻമെന്‍റ് സോണായി ജില്ലാ കലക്ടർ ഉത്തരവിട്ടത്. ഈ വാർഡുകളിലൂടെയുള്ള വാഹന ഗതാഗതം നിരോധിച്ചു. അവശ്യവസ്തുക്കളുടെ വിതരണത്തിനും അടിയന്തര വൈദ്യസഹായത്തിനുമുള്ള യാത്രയ്ക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇളവുകൾ ഉണ്ടായിരിക്കും. അവശ്യ ഭക്ഷ്യവസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രം രാവിലെ എട്ട് മണി മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ക്ക് (പി.ഡി.എസ്.) രാവിലെ എട്ട് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെയും പ്രവര്‍ത്തിക്കാം. ഒരേ സമയം അഞ്ചിലധികം പേര്‍ എത്താന്‍ പാടില്ല. മറ്റ് സ്ഥാപനങ്ങള്‍ തുറക്കാന്‍ പാടില്ല.