കടലാക്രമണ ഭീഷണി: വീടുകള്‍ക്കുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം ഉടനുണ്ടാവുമെന്ന് കളക്ടറുടെ ഉറപ്പ് - Collector's Visit in Coastal Area
കടല്‍ക്ഷോഭ പ്രദേശത്ത് നിന്ന് മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്ന് ജില്ല കളക്ടര്‍ അറിയിച്ചു
ആലപ്പുഴ: ജില്ലയുടെ തീരപ്രദേശങ്ങളിൽ കടൽക്ഷോഭം ശക്തമായതോടെ കാക്കാഴം, നീര്‍ക്കുന്നം ഭാഗങ്ങളിലുണ്ടായ കടലാക്രമണത്തില്‍ ഭീഷണി നേരിടുന്ന വീടുകള്‍ക്കുള്ള സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണം രണ്ട് ദിവസത്തിനുള്ളില്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ് ഉറപ്പ് നല്‍കി. കടല്‍ക്ഷോഭ പ്രദേശത്ത് നിന്ന് ആളുകള്‍ക്ക് മാറി താമസിക്കാമെന്നും മാറി താമസിക്കാന്‍ തയ്യാറാകുന്നവര്‍ക്ക് 10 ലക്ഷം രൂപ നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ചൊവ്വാഴ്ച പകല്‍ രണ്ടു മണിയോടെയാണ് കടല്‍ പ്രക്ഷുബ്ദമായത്. കടല്‍ ഭിത്തിയോട് ചേര്‍ന്നുള്ള വീടുകളില്‍ കുറ്റന്‍ തിരമാലകള്‍ പതിക്കുകയായിരുന്നു. റോഡ് ഉപരോധം അവസാനിപ്പിച്ച ശേഷം കടലാക്രമണ ബാധിത പ്രദേശങ്ങളും കളക്ടര്‍ സന്ദര്‍ശിച്ചു. ആലപ്പുഴ ജില്ലാ പോലീസ് മേധാവി ഇ കെ എം ടോമി ഐപിഎസ്സും കലക്ടർക്കൊപ്പമുണ്ടായിരുന്നു. അതേസമയം രാഷ്ട്രീയ പാർട്ടി നേതാക്കൾ കലക്ടറെ അനുഗമിച്ചത് നേരിയ വാക്കുതർക്കത്തിനും സംഘർഷത്തിനും ഇടയാക്കി. കളക്ടർ നടപടി സ്വീകരിച്ചില്ലെങ്കിൽ വീണ്ടും ദേശീയപാത ഉപരോധിക്കുമെന്ന നിലപാടിലാണ് തീരദേശവാസികൾ .