ആലപ്പുഴ: കയറിന്‍റെയും പ്രകൃതിദത്ത നാരുകളുടേയും അന്തര്‍ദേശീയ മേളയായ കയര്‍ കേരളയുടെ എട്ടാം പതിപ്പിന് ഇന്ന് ഇഎംഎസ് സ്റ്റേഡിയത്തില്‍ തുടക്കം കുറിക്കും. രാവിലെ പത്തിന് മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മംഗള വാദ്യത്തോടെ ആരംഭിക്കുന്ന പരിപാടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ അന്തര്‍ദേശീയ പവലിയന്‍ മന്ത്രി ജി. സുധാകരനും ആഭ്യന്തര പവലിയന്‍ മന്ത്രി പി.തിലോത്തമനും സാംസ്കാരിക പരിപാടികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉദ്ഘാടനം ചെയ്യും. എം.പിമാരായ അഡ്വ. എ.എം ആരിഫ്, കൊടിക്കുന്നിൽ സുരേഷ്, എംഎല്‍എമാരായ സജി ചെറിയാൻ, ആർ. രാജേഷ്, അഡ്വ. യു. പ്രതിഭ, തോമസ് ചാണ്ടി, ഷാനിമോൾ ഉസ്മാൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ജി.വേണുഗോപാല്‍, ആലപ്പുഴ മുനിസിപ്പല്‍ ചെയര്‍മാന്‍ ഇല്ലിക്കൽ കുഞ്ഞുമോൻ എന്നിവര്‍ പങ്കെടുക്കും.
കയര്‍ കേരള എട്ടാം പതിപ്പിന് ഇന്ന് കൊടി ഉയരും
മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ മംഗള വാദ്യത്തോടെ ആരംഭിക്കുന്ന പരിപാടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉദ്ഘാടനം ചെയ്യും. ധനകാര്യ, കയര്‍ വകുപ്പു മന്ത്രി ഡോ. ടി.എം തോമസ് ഐസക് അധ്യക്ഷത വഹിക്കും.
12 മണിക്ക് ‘രണ്ടാം കയര്‍ പുനഃസംഘടന നേട്ടങ്ങളും ഭാവിവഴികളും’ എന്ന വിഷയത്തില്‍ നടക്കുന്ന കയർ സഹകരണ സെമിനാർ മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. മൂന്നു ഗ്രൂപ്പുകളായി നടക്കുന്ന സെമിനാറിന്‍റെ ക്രോഡീകരണം മൂന്നു മണിക്ക് മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിര്‍വ്വഹിക്കും. സാംസ്കാരിക സായാഹ്നം വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയുടെ നേതൃത്വത്തില്‍ എട്ട് മേള പ്രമാണിമാര്‍ പങ്കെടുക്കുന്ന കേരളീയ തുകല്‍ വാദ്യങ്ങളുടെ താളവാദ്യലയസമന്വയവും സംഘടിപ്പിക്കും.