കേരളം

kerala

ETV Bharat / state

കയർ കേരളയുടെ ഒമ്പതാം പതിപ്പിന് നാളെ തുടക്കം; ഇത്തവണ വെർച്വൽ മേള

നാളെ മുതൽ 21 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ ക്യാമിലോട്ട് കൺവെൻഷൻ സെന്‍ററിലാണ് മേള.

Coir Kerala 9th edition starts tomorrow in Alappuzha  കയർ കേരളയുടെ ഒമ്പതാം പതിപ്പിന് നാളെ തുടക്കമാകും  ധനമന്ത്രി ഡോ.തോമസ് ഐസക്  ആലപ്പുഴയിലെ കയർ മേഖല  കയർ തൊഴിലാളികൾ
കയർ കേരളയുടെ ഒമ്പതാം പതിപ്പിന് നാളെ തുടക്കം; ഇത്തവണ വെർച്വൽ മേള

By

Published : Feb 15, 2021, 5:24 PM IST

ആലപ്പുഴ: കയർ കേരളയുടെ ഒമ്പതാം പതിപ്പിന് നാളെ തുടക്കമാകും. രാവിലെ 11.30ന് മുഖ്യമന്ത്രി പിണറായി വിജയൻ കയർ കേരള ഉദ്ഘാടനം ചെയ്യും. ധനമന്ത്രി ഡോ.തോമസ് ഐസക് അധ്യക്ഷത വഹിക്കും. കൊവിഡ് പശ്ചാത്തലത്തിൽ വെർച്വൽ മേളയാണ് വിഭാവനം ചെയ്തിരിക്കുന്നത്. നാളെ മുതൽ 21 വരെ ആലപ്പുഴ പാതിരപ്പള്ളിയിലെ ക്യാമിലോട്ട് കൺവെൻഷൻ സെന്‍ററിലാണ് മേള. കയർ വ്യവസായം സംബന്ധിച്ച വിവിധ സമ്മേളനങ്ങളും സെമിനാറുകളും ഈ തിയതികളിൽ നടക്കും. കയർ ഉല്‌പന്നങ്ങളുടെ വെർച്വൽ എക്‌സിബിഷൻ കയർ കേരള 2021ന്‍റെ ഭാഗമാണ്. കയർ ഉല്‌പന്നങ്ങളുടെ വർണവൈവിധ്യം പ്രദർശിപ്പിക്കാൻ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി 200ൽപരം വെർച്ച്വൽ സ്റ്റാളുകളാണ് ഒരുങ്ങുന്നത്. നൂറിൽപ്പരം വിദേശ വ്യാപാരികളും ആഭ്യന്തര വ്യാപാരികളും മേളയിൽ പങ്കെടുക്കും.

മേള പവലിയന്‍റെ ഉദ്ഘാടനം പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ നിർവഹിക്കും. മന്ത്രി പി തിലോത്തമൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് ശേഷം കടാശ്വാസ ആനുകൂല്യ വിതരണവും, പ്രവർത്തന മൂലധന വിതരണവും നടക്കും. 17ന് കയർ സഹകരണ സെമിനാറും കയർ രണ്ടാം പുന:സംഘടന ദൃശ്യാവിഷ്‌കാരവും നടക്കും. രണ്ടാം കയർ പുനഃസംഘടന റിപ്പോർട്ട് അവതരണവും ധനമന്ത്രി നിർവഹിക്കും. 18നും 19 നും ടെക്‌സിക്കൽ സെമിനാറുകളും കയർ മേഖലയിലെ സ്റ്റാർട്ട് അപ്പുകൾ സംബന്ധിച്ച് അന്താരാഷ്ട്ര സെമിനാറും നടക്കും. 20ന് കയർ കോമ്പോസിറ്റ് ബോർഡ് സംബന്ധിച്ച അവതരണവും 21ന് തൊഴിലുറപ്പ് പദ്ധതി, മണ്ണുജലസംരക്ഷണത്തിന് കയർ ഭൂവസ്ത്രം എന്ന വിഷയത്തിൽ സെമിനാറും ധാരണപത്ര കൈമാറ്റവും നടക്കും. 21ന് വൈകിട്ട് മൂന്നിന് സമാപന സമ്മേളനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉദ്ഘാടനം ചെയ്യും. മന്ത്രി ജി സുധാകരൻ അധ്യക്ഷത വഹിക്കും. മന്ത്രി ഡോ തോമസ് ഐസക് കയർ കേരള 2021 അവലോകനം നടത്തും. എല്ലാ ദിവസവും വൈകുന്നേരം വിവിധ കലാപരിപാടികൾ അരങ്ങേറും.

ABOUT THE AUTHOR

...view details