ആലപ്പുഴ : ചെന്നിത്തലയിൽ പള്ളിയോടം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മൂന്നാമന്‍റെ മൃതദേഹം കണ്ടെത്തി. 28 മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ചെന്നിത്തല സ്വദേശി രാഗേഷിന്‍റെ മൃതദേഹം കണ്ടെത്തിയത്. വള്ളം മറിത്ത സ്ഥലത്തുനിന്ന് ഒരു കിലോമീറ്റർ അകലെ വലിയ പെരുമ്പുഴ പാലത്തിന് സമീപത്ത് നിന്നാണ് മൃതദേഹം കിട്ടിയത്.
നാവിക സേനയും മുങ്ങൽ വിദഗ്‌ധരും പൊലീസും ഫയർ ഫോഴ്‌സും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. കഴിഞ്ഞ ദിവസം രാത്രി ഏറെ വൈകി തിരച്ചിൽ നടത്തിയിട്ടും രാഗേഷിനെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നിർത്തിവച്ച തിരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിക്കുകയായിരുന്നു.
വെളിച്ചക്കുറവും അച്ചൻകോവിൽ ആറിലെ നീരൊഴുക്ക് ശക്തമായതും പ്രദേശത്ത് ഉണ്ടായിരുന്ന ശക്തമായ മഴയും തിരച്ചിലിനെ പ്രതികൂലമായി ബാധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അർധരാത്രിയോടെ നിർത്തിവച്ചത്.