ആലപ്പുഴ: ചെങ്ങന്നൂർ പഞ്ചലോഹവിഗ്രഹ മോഷണക്കേസുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമകൾക്കെതിരെ പോലീസ് കേസെടുത്തു. പ്രകാശ് പണിക്കർ, മഹേഷ് പണിക്കർ എന്നിവർക്കെതിരെയാണ് വ്യാജ പരാതി നൽകിയതിനും പോലീസിനെ തെറ്റിദ്ധരിപ്പിച്ചതിനും കേസെടുത്തത്. സ്ഥാപനത്തിലെ താത്കാലിക ജീവനക്കാരനെയും തൊഴിലാളികളെയും മോഷണസംഘം ആക്രമിച്ച ശേഷം കോടികൾ വിലയുള്ള പഞ്ചലോഹ വിഗ്രഹം മോഷ്‌ടിച്ചു എന്നായിരുന്നു ഉടമകളുടെ പരാതി. എന്നാൽ വിഗ്രഹം സ്ഥാപനത്തിന് തൊട്ടടുത്തുള്ള കുഴിയിൽനിന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസ് കണ്ടെടുത്തു.
ചെങ്ങന്നൂർ വിഗ്രഹ മോഷണക്കേസ് വ്യാജമെന്ന് പൊലീസ്; സ്ഥാപന ഉടമകൾക്കെതിരെ കേസ് - വിഗ്രഹ മോഷണക്കേസ്
സ്ഥാപന ഉടമകളും തൊഴിലാളികളും നൽകിയ മൊഴികളില്‍ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം കെട്ടിച്ചമച്ചതാണെന്ന് പോലീസിന് ബോധ്യമായത്

വിഗ്രഹം കുഴിയിൽ കൊണ്ടിട്ടു എന്ന് സ്ഥാപനത്തിലെ തൊഴിലാളികളിൽ ഒരാൾ പോലീസ് ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി. ഇതോടെയാണ് മോഷണക്കഥ കെട്ടിച്ചമച്ചതാണെന്നും പരാതി വ്യാജമാണെന്നും പോലീസിന് മനസിലായത്. സ്ഥാപന ഉടമകളും തൊഴിലാളികളും നൽകിയ മൊഴികളിൽ വൈരുധ്യം കണ്ടെത്തിയതിനെ തുടർന്നാണ് സംഭവം കെട്ടിച്ചമച്ചതാണെന്ന് പോലീസിന് ബോധ്യമായത്. തുടർന്ന് പോലീസ് ഇവർക്കെതിരെ കേസെടുക്കുകയായിരുന്നു. ഞായറാഴ്‌ച രാത്രി വിഗ്രഹ നിർമ്മാണ ശാലയ്ക്ക് മുന്നിൽ സംഘർഷമുണ്ടായത് ശരിയാണെന്നും മോഷണം നടന്നിട്ടില്ലെന്നും തുടക്കം മുതൽ പോലീസ് വ്യക്തമാക്കിയിരുന്നു.