കേരളം

kerala

ETV Bharat / state

ചാമ്പ്യൻസ് ബോട്ട് ലീഗ്; സിബിഎൽ കമ്പനിയുടെ കരാർ ഉടനെന്ന് തോമസ് ഐസക് - alappuzha

കരാർ ഉറപ്പിച്ചാൽ ജൂലൈ മാസത്തിൽ തന്നെ ടീമുകളുടെ സ്‌പോൺസർഷിപ്പിന് വേണ്ടിയുള്ള ലേലം നടത്തും

തോമസ് ഐസക്

By

Published : Jul 7, 2019, 12:33 PM IST

ആലപ്പുഴ: ചാമ്പ്യൻസ് ബോട്ട് ലീഗിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഒമ്പത് ക്ലബ്ബുകൾ, വള്ളം ഉടമകൾ എന്നിവയുമായി മൂന്നു ദിവസത്തിനുള്ളിൽ സിബിഎൽ കമ്പനി കരാർ ഒപ്പിടുമെന്ന് ധനമന്ത്രി തോമസ് ഐസക്. മത്സര വേദികൾ, മത്സരരീതി എന്നിവ സംബന്ധിച്ച് തീരുമാനത്തിലെത്തിയതായും അദ്ദേഹം പറഞ്ഞു. ആലപ്പുഴ കലക്ടറേറ്റിൽ ചേർന്ന ചുണ്ടൻ വള്ളം ക്ലബ്ബുകളുടെയും വള്ളം ഉടമകളുടെയും ചാമ്പ്യൻസ് ബോട്ട് ലീഗിന്‍റെ സംസ്ഥാന സമിതി അംഗങ്ങളുടെയും സംയുക്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കരാർ ഉറപ്പിച്ചാൽ ജൂലൈ മാസത്തിൽ തന്നെ ടീമുകളുടെ സ്‌പോൺസർഷിപ്പിന് വേണ്ടിയുള്ള ലേലം നടത്തും. ഇതു വഴി ലഭിക്കുന്ന വരുമാനത്തിന്‍റെ പകുതി സിബിഎൽ കമ്പനിക്കും പകുതി ബോട്ട് ക്ലബ്ബുകൾ, വള്ളം ഉടമകൾ എന്നിവർക്ക് കരാർ പ്രകാരം പരസ്പരം പങ്കുവയ്ക്കാം. ലീഗിൽ പങ്കെടുക്കുന്നവർക്ക് വേറെ സ്‌പോൺസർ പാടില്ല. ലീഗിൽ ഒന്നാം സ്ഥാനത്ത് എത്തുന്നവർക്ക് 5 ലക്ഷം രൂപയും രണ്ടാം സ്ഥാനക്കാർക്ക് മൂന്നു ലക്ഷം രൂപയും മൂന്നാം സ്ഥാനക്കാർക്ക് ഒരു ലക്ഷം രൂപയും ലഭിക്കും. കൂടാതെ എല്ലാ വള്ളങ്ങൾക്കും നാല് ലക്ഷം രൂപ ബോണസായി ലഭിക്കും.
12 മത്സരവേദികളാണ് സിബിഎല്ലിൽ ഉണ്ടാവുക. എല്ലാ വേദികളിലും ലീഗ് മത്സരങ്ങള്‍ നാലുമണിക്കും 5 മണിക്കും ഇടയിൽ ആയിരിക്കും നടക്കുക. നാലു വളളങ്ങൾ വീതമുള്ള അഞ്ച് ഹിറ്റ്‌സ് ഉണ്ടാവും. വേഗതയുടെ അടിസ്ഥാനത്തിൽ ഫൈനൽ നടക്കും. ആദ്യ ഹീറ്റ്‌സിൽ ലീഗിൽ ഉള്ള ഏറ്റവും വേഗം കൂടിയ 4 വള്ളങ്ങൾ മത്സരിക്കും. രണ്ടാം ഹിറ്റ്‌സിൽ അതു കഴിഞ്ഞുള്ള നാലു വെള്ളങ്ങൾ മത്സരിക്കും. മൂന്നാം ഹിറ്റ്‌സിൽ ലീഗിലെ ബാക്കിയുള്ള ഒമ്പതാമത്തെ വള്ളവും മറ്റു നറുക്കെടുക്കുന്ന വള്ളങ്ങളും മത്സരിക്കും.
ടിക്കറ്റ് വിൽപ്പന സിബിഎൽ കമ്പനി തന്നെയായിരിക്കും നിർവഹിക്കുക. മികച്ച ടെലികാസ്റ്റിംഗ് ഉറപ്പുവരുത്തുമെന്നും മന്ത്രി പറഞ്ഞു. ചാമ്പ്യൻസ് ലീഗിന്‍റെ നിയമാവലി മറ്റെന്നാള്‍ പ്രകാശനം ചെയ്യും. ആചാര പ്രധാനമായ പായിപ്പാട് വള്ളംകളിയുടെ ദിവസം മാറ്റാൻ ബുദ്ധിമുട്ടുള്ളതിനാൽ സെപ്റ്റംബർ 14ന് നിശ്ചയിച്ചിരുന്ന തൃശ്ശൂർ കോട്ടപ്പുറം മത്സരം സെപ്റ്റംബർ 21 ലേക്ക് മാറ്റിയതായി മന്ത്രി പറഞ്ഞു. തുടർന്നുവരുന്ന മത്സരങ്ങൾ ഒരാഴ്ച മുന്നോട്ട് മാറും. സമാപന മത്സര ദിനത്തിൽ മാറ്റമുണ്ടാകില്ല. യോഗത്തിൽ ടൂറിസം ഡയറക്ടർ ബാലകിരൺ, ജില്ലാ കളക്ടർ, അദീല അബ്ദുള്ള, സബ്കളക്ടർ കൃഷ്ണ തേജ, ജില്ലാ പൊലീസ് മേധാവി കെ എം ടോമി, നഗരസഭാ ചെയർമാൻ തോമസ് ജോസഫ് എന്നിവർ സംസാരിച്ചു.

ABOUT THE AUTHOR

...view details