ആലപ്പുഴ: കേരളത്തിലെ വള്ളംകളി മത്സരങ്ങൾക്ക് തുടക്കം കുറിക്കുന്ന ചമ്പക്കുളം മൂലം ജലോത്സവത്തിന് പമ്പയാറ്റിൽ തുടക്കമായി. രാവിലെ (12.07.22) 11.30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും പാൽപ്പായസമടക്കുള്ള മൂലക്കാഴ്‌ചയുമായി ഉച്ചയ്ക്ക് ചമ്പക്കുളം മഠത്തിൽ ക്ഷേത്രത്തിൽ എത്തിയ അമ്പലപ്പുഴ സംഘത്തെ വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ സ്വീകരിച്ചു.
ചമ്പക്കുളം വള്ളംകളിക്ക് പമ്പയാറ്റിൽ തുടക്കമായി തുടർന്ന് ക്ഷേത്ര ദർശനവും ആചാര ചടങ്ങുകളും പൂർത്തിയാക്കി. ശേഷം ഒരു ചുരുളൻ വള്ളത്തിന്‍റെ അകമ്പടിയോടെ അമ്പലപ്പുഴ സംഘം മാപ്പിളശേരി തറവാട്ടിൽ എത്തി. വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെ നിലവിളക്കിൽ ദീപം തെളിയിച്ചു. പിന്നീട് ചമ്പക്കുളം വലിയപള്ളിയിൽ ദർശനം നടത്തി സംഘം മടങ്ങിയതോടെ മൂലം വളളംകളിയുടെ ചടങ്ങുകൾക്ക് സമാപനമായി.
പിന്നീട് നടന്ന സാംസ്‌കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് കെജി രാജേശ്വരിയും ജലമേള കൊടിക്കുന്നിൽ സുരേഷ് എംപിയും ഉദ്ഘാടനം ചെയ്തു. മാസ് ഡ്രില്ലിന് ശേഷം മൂന്ന് ഹീറ്റ്സിലായി ചുണ്ടൻ വള്ളങ്ങളുടെ മത്സരം ആരംഭിച്ചു. രാജപ്രമുഖന്‍ ട്രോഫിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഇത്തവണ ചരിത്രത്തിലാദ്യമായി ഒമ്പത് ചുണ്ടൻ വള്ളങ്ങളാണ് തുഴയെറിയുന്നത്.
മിഥുനത്തിലെ മൂലം നാളിലാണ് പമ്പയാറ്റിൽ ചമ്പക്കുളം വള്ളംകളി നടക്കുന്നത്. കൊവിഡിനെ തുടർന്ന് രണ്ട് വർഷമായി മുടങ്ങിയ ജലോത്സവം ഇക്കുറി ആവേശത്തോടെയാണ് നാടാകെ വരവേറ്റത്. അമ്പലപ്പുഴ ശ്രീകൃഷ്‌ണസ്വാമി ക്ഷേത്രത്തിലെ പ്രതിഷ്‌ഠക്കായി എത്തിച്ച വിഗ്രഹം ജലഘോഷയാത്രയായി കൊണ്ടുപോയതിന്‍റെ ചരിത്ര സ്‌മരണയിലാണ് നാലു ശതാബ്‌ദത്തിലേറെയായി മൂലം വള്ളംകളി നടത്തുന്നത്.