ആലപ്പുഴ:ചരിത്ര പ്രസിദ്ധമായ ചമ്പക്കുളം മൂലം വള്ളംകളിക്ക് ഇന്ന് തുടക്കം. സംസ്ഥാനത്തെ വള്ളംകളികൾക്ക് തുടക്കമാകുന്നത് ചമ്പക്കുളം വള്ളം കളിയോടെയാണ്. 400 വർഷത്തിലധികം പഴക്കമുള്ള ചമ്പക്കുളം വള്ളം കളി കുട്ടനാടിന്‍റെ ആഘോഷമാണ്.
ജലഘോഷയാത്രയോടെ തുടക്കമാകുന്ന വള്ളംകളിക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായായതായി അധികൃതർ അറിയിച്ചു. ഇക്കുറി 13 പഞ്ചായത്തുകളെ ഉൾപ്പെടുത്തി നടത്തുന്ന വള്ളംകളിയിൽ 13 വള്ളങ്ങൾ പങ്കെടുക്കും. ഇതിൽ ആറ് ചുണ്ടൻ വള്ളങ്ങൾ ചമ്പക്കുളം പമ്പയാറ്റിൽ ആവേശ തുഴയെറിഞ്ഞു മത്സരം കൊഴുപ്പിക്കും.
വള്ളം കളിയുടെ ഐതിഹ്യം ഇങ്ങനെ: ഓണക്കാലത്തിന്‍റെ വരവറിയിച്ചു കൊണ്ടുള്ള ജലമേളകൂടിയാണ് മിഥുന മാസത്തിലെ മൂലം നാളില്‍ പമ്പാനദിയുടെ കൈവഴിയായ ചമ്പക്കുളത്ത് ആറ്റില്‍ നടക്കുന്ന ചമ്പക്കുളം വള്ളം കളി. അമ്പലപ്പുഴ ക്ഷേത്ര പ്രതിഷ്‌ഠയുമായി ബന്ധപ്പെട്ടുള്ളതാണ് ചമ്പക്കുളം വള്ളം കളിയുടെ ഐതിഹ്യം. വിവിധ വിഭാഗത്തിലുള്ള വള്ളങ്ങളുടെ മത്സരം ഓരോ ഘട്ടങ്ങളായാണ് നടക്കുന്നത്. മഴനനഞ്ഞും നാടിന്‍റെ ഉത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് കുട്ടനാട്ടുകാർ.
കേരളത്തിലെ വള്ളംകളികളില്‍ ആന്മുള കഴിഞ്ഞാല്‍ ഏറ്റവും പുരാതനമായ വള്ളംകളിയാണ് ചമ്പക്കുളം മൂലം വള്ളംകളി. മലയാള മാസമായ മിഥുനത്തിലെ മൂലം നാളിലാണ് ഈ വള്ളംകളി നടക്കുന്നത്. അമ്പലപ്പുഴ ശ്രീകൃഷ്‌ണ ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്‌ഠാദിനവുമായി ബന്ധപ്പെടുത്തിയാണ് ഈ വള്ളംകളി ചമ്പക്കുളം പമ്പാനദിയില്‍ വര്‍ഷം തോറും നടത്തുന്നത്.
ഒരു ഇടവേളക്ക് ശേഷം ആഘോഷമാക്കി വള്ളം കളി:അതേസമയം, കഴിഞ്ഞ വര്‍ഷം രാവിലെ (12.07.22) 11.30 മുതലാണ് ചടങ്ങുകൾ ആരംഭിച്ചത്. അമ്പലപ്പുഴ ക്ഷേത്രത്തിൽ നിന്നും പാൽപ്പായസമടക്കുള്ള മൂലക്കാഴ്‌ചയുമായി ഉച്ചയ്ക്ക് ചമ്പക്കുളം മഠത്തിൽ ക്ഷേത്രത്തിൽ എത്തിയ അമ്പലപ്പുഴ സംഘത്തെ വഞ്ചിപ്പാട്ടിന്‍റെ അകമ്പടിയോടെയായിരുന്നു സ്വീകരിച്ചത്.