ആലപ്പുഴ: ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ (Chakkulathukavu) പ്രസിദ്ധമായ കാര്‍ത്തിക പൊങ്കാലയ്ക്ക് (Karthika Pongala ) ഭക്തിനിർഭരമായ പരിസമാപ്‌തി. കൊവിഡ് (covid) നിയന്തണത്തിന്‍റെ ഭാഗമായി ചടങ്ങുകള്‍ മാത്രമായാണ് ഇത്തവണയും ഉത്സവം നടത്തിയത്. വെള്ളപ്പൊക്കത്തെ അതിജീവിച്ച് പ്രത്യേകം തയ്യാറാക്കിയ സ്ഥലത്താണ് ഹരിത ചട്ടം (green protocol) പാലിച്ച് പൊങ്കാല സമർപ്പണം നടത്തിയത്.
നൂറുകണക്കിന് ഭക്തജനങ്ങളാണ് പൊങ്കാലയിൽ പങ്കെടുക്കാൻ ക്ഷേത്രപരിസരത്ത് എത്തിയിരുന്നത്. പുലർച്ചെ ഗണപതിഹോമത്തോടെയും നിര്‍മാല്യദര്‍ശനത്തോടെയുമാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
പത്തിന് വിളിച്ചുചൊല്ലി പ്രാര്‍ഥനക്കുശേഷം 10.30 ന് പൊങ്കാലയ്‌ക്ക് തുടക്കം കുറിച്ചു. ക്ഷേത്ര കാര്യദര്‍ശി മണിക്കുട്ടന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ ശ്രീകോവിലിലെ കൊടിവിളക്കില്‍ കത്തിച്ചെടുക്കുത്ത ദീപം പണ്ടാര പൊങ്കാല അടുപ്പില്‍ എത്തിച്ചു. ശേഷം ക്ഷേത്ര ശ്രീകോവിലില്‍ നിന്ന് പണ്ടാരപൊങ്കാല അടുപ്പിലേക്ക് ക്ഷേത്ര മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി അഗ്നിപകര്‍ന്നു.