കേരളം

kerala

ETV Bharat / state

ചാമ്പ്യൻസ് ബോട്ട് ലീഗിന് നെഹ്‌റു ട്രോഫി ജലോത്സവത്തോടെ തുടക്കമാകും - നെഹ്റു ട്രോഫി

ബോട്ട് ലീഗിൽ ഒമ്പത് ടീമുകളാണ് പങ്കെടുക്കുക. അഞ്ച് വർഷത്തിനകം 130 കോടി രൂപ വരുമാനം പ്രതീക്ഷിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്.

ചാമ്പ്യൻസ് ബോട്ട് ലീഗിന് നെഹ്‌റു ട്രോഫി ജലോത്സവത്തോടെ തുടക്കമാകും

By

Published : Jul 28, 2019, 9:06 AM IST

Updated : Jul 28, 2019, 1:12 PM IST

ആലപ്പുഴ: ജലമാമാങ്കമായ നെഹ്‌റുട്രോഫി വള്ളംകളിക്ക് ഓഗസ്റ്റ് 10 ന് ആലപ്പുഴ പുന്നമടക്കായലിൽ തുടക്കം കുറിക്കുന്നതോടെ ജലോത്സവ ചരിത്രത്തിന് തന്നെയാണ് മാറ്റമുണ്ടാവുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗ് എന്ന പേരിലാണ് ഇനി മുതല്‍ മത്സരങ്ങൾ സംഘടിപ്പിക്കുക. 12 കേന്ദ്രങ്ങളിലായി നടക്കുന്ന ബോട്ട് ലീഗിൽ ഒമ്പത് ടീമുകളാണ് പങ്കെടുക്കുക. ലീഗിലേക്കുള്ള പ്രവേശനത്തിനുള്ള അടിസ്ഥാന യോഗ്യത നെഹ്‌റുട്രോഫി വള്ളംകളിയിലെ വേഗമായിരിക്കും. വരും വർഷങ്ങളിൽ നെഹ്‌റുട്രോഫി കൂടുതൽ ആഘോഷമായി മാറാൻ ഇത് ഇടയാക്കുമെന്നാണ് സംഘാടകരുടെ വിലയിരുത്തൽ.

ചാമ്പ്യൻസ് ബോട്ട് ലീഗിന് നെഹ്‌റു ട്രോഫി ജലോത്സവത്തോടെ തുടക്കമാകും

പതിവുപോലെ രാവിലെ ചെറുവള്ളങ്ങളുടെ മത്സരത്തോടെയാകും നെഹ്‌റുട്രോഫി വള്ളംകളി തുടങ്ങുക. വൈകിട്ട് നാല് മുതൽ അഞ്ചുവരെയാണ് ബോട്ട് ലീഗിന്‍റെ മത്സര സമയം. ഇതിന് പുറമേ ഹീറ്റ്‌സിൽ മത്സരിക്കുന്ന വള്ളങ്ങളിൽ നിന്ന് വേഗത്തിന്‍റെ അടിസ്ഥാനത്തിൽ മുന്നിലെത്തുന്ന നാലു ടീമുകൾ വീതം യഥാക്രമം ഫൈനൽ, ലൂസേഴ്‌സ് ഫൈനൽ തുടങ്ങിയവയിൽ മാറ്റുരക്കും. ഇത്തവണത്തെ ചാമ്പ്യൻസ് ലീഗിൽ വേഗത്തിന്‍റെ അടിസ്ഥാനത്തിൽ 12 മത്സരങ്ങളിലുമായി മുന്നിലെത്തുന്ന ആദ്യ നാല് ടീമുകൾക്ക് അടുത്ത ചാമ്പ്യൻസ് ലീഗിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ബാക്കി അഞ്ച് വള്ളങ്ങൾ നെഹ്‌റുട്രോഫിയിലെ മത്സരവേഗത്തിന്‍റെ അടിസ്ഥാനത്തിലാകും തെരഞ്ഞെടുക്കുക.

സി ബി എൽ കമ്പനി തുഴച്ചിൽ ക്ലബുകളുമായി കരാർ ഉണ്ടാക്കുന്നതിനാൽ കഴിഞ്ഞ വർഷം ചാമ്പ്യനായ വള്ളത്തിലാകണമെന്നില്ല ചാമ്പ്യൻ ക്ലബ് തുഴയുന്നത്. എന്നാൽ ഭാവിയിൽ ക്ലബും വള്ളവും ഒന്നാകണമെന്ന വ്യവസ്ഥയുണ്ടാകും. ലീഗിന്‍റെ തുടക്കത്തിൽ ഉപയോഗിക്കുന്ന വള്ളവും തുഴച്ചിലുകാരും തന്നെ 12 ലീഗ് മത്സരങ്ങളിലും പങ്കെടുക്കണമെന്നും സംഘാടകർ പറയുന്നു. നെഹ്‌റു ട്രോഫി, പ്രസിഡൻസ് ട്രോഫി ഒഴികെയുള്ള മത്സരങ്ങളെല്ലാം ഇപ്പോൾ നാടൻ ഉത്സവങ്ങളെന്ന നിലയ്ക്കാണ് നടത്തുന്നത്. എന്നാൽ ടിക്കറ്റെടുത്ത് കളി കാണാൻ വരുന്നവർക്ക് 12 കേന്ദ്രങ്ങളിലും പ്രത്യേക സൗകര്യമൊരുക്കും. ഇത് സംബന്ധിച്ച കാര്യങ്ങൾ പഠിക്കുന്നതിനായി സി ബി എൽ കമ്പനി സംഘം ഇതിനകം 12 കേന്ദ്രങ്ങളും സന്ദർശിച്ചതായി ധനകാര്യ വകുപ്പ് മന്ത്രിയും ആലപ്പുഴ എംഎൽഎയുമായ ഡോ. ടി എം തോമസ് ഐസക് പറഞ്ഞു. ഇവരുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ നെഹ്‌റുട്രോഫി വള്ളംകളി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിൽ മുന്നൊരുക്കം നടത്തും. ഈ വർഷത്തെ സി ബി എല്ലിന് 40 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ 20 കോടി രൂപ വരുമാനമാണ്. ബാക്കി 20 കോടി സർക്കാർ സബ്‌സിഡിയായി നൽകും. എന്നാൽ അഞ്ചുവർഷത്തിനകം 130 കോടി രൂപ വരുമാനമുള്ള കായിക ഇനമായി സി ബി എൽ മാറുമെന്ന് ധനമന്ത്രി ചൂണ്ടിക്കാട്ടി.

ഈ വർഷം രാജ്യാന്തര ചാനലുകള്‍ക്ക് ഉള്‍പ്പെടെ പണം നൽകി ടെലിവിഷൻ സംപ്രേഷണാവകാശം നൽകും. രണ്ടു വർഷത്തിനകം സംപ്രേഷണാവകാശവും ലേലം ചെയ്യുന്ന തരത്തിലാകും. രാജ്യാന്തര പ്രശസ്‌തരായ വീഡിയോഗ്രാഫർമാരെ ഇതിനായി നിയോഗിക്കും. ചാമ്പ്യൻസ് ബോട്ട് ലീഗ് - നെഹ്‌റു ട്രോഫി ജലമേളയുടെ കാഴ്ചക്കാർക്കായി തയാറാക്കുന്ന പവലിയന്‍റെ ഒരുക്കങ്ങൾ പുന്നമടകായലിൽ പുരോഗമിക്കുകയാണ്. വിശിഷ്ടാതിഥികൾക്കായി ഒരുക്കിയിരിക്കുന്ന ഫിനിഷിങ് പോയിന്‍റിലെ സ്ഥിരം പവലിയനായ നെഹ്‌റു പവലിയനും അനുബന്ധ പവലിയനുകളുമാണ് പ്രധാനമായും ഈ ഘട്ടത്തിൽ ഒരുക്കുന്നത്. നെഹ്‌റുട്രോഫി വള്ളംകളിയിൽ കഴിഞ്ഞ തവണ കുറ്റമറ്റ രീതിയിൽ പരീക്ഷിച്ച സ്റ്റാർട്ടിങ് ഫിനിഷിങ് സംവിധാനങ്ങൾ കൂടുതുൽ മികവുറ്റതാക്കാനും സംഘാടകർ ലക്ഷ്യമിടുന്നുണ്ട്. കേരളത്തിന്‍റെ വിനോദസഞ്ചാര മേഖലയുടെ വളർച്ച ലക്ഷ്യമിട്ട് രൂപം നൽകിയ പദ്ധതിയാണ് ചാമ്പ്യൻസ് ബോട്ട് ലീഗ്.

Last Updated : Jul 28, 2019, 1:12 PM IST

ABOUT THE AUTHOR

...view details