ആലപ്പുഴ: പൊളിച്ചു നീക്കാന്‍ കോടതി വിധിച്ച കാപ്പിക്കോ റിസോര്‍ട്ട് ജില്ലാ കലക്‌ടര്‍ എ.അലക്‌സാണ്ടര്‍ സന്ദര്‍ശിച്ചു. 2020 ജനുവരിയില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ച സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് സന്ദര്‍ശനം.
നിലവില്‍ ഉണ്ടായിരുന്ന അപ്പീല്‍ ഹര്‍ജി തള്ളിയതോടെയാണ് ജില്ലാ ഭരണകൂടത്തിന്‍റെ നീക്കം. സബ് കലക്‌ടർ എസ്.ഇലക്യ, ചേര്‍ത്തല തഹസില്‍ദാര്‍ പി.ജി. രാജേന്ദ്രബാബു, വില്ലേജ് ഓഫിസര്‍ ടി.എ.ഹാരിസ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.
റിസോര്‍ട്ട് പൊളിച്ചു നീക്കുന്നതിന് പാണാവള്ളി പഞ്ചായത്ത് സെക്രട്ടറിക്ക് കോടതി വിധിപ്രകാരം ഉത്തരവ് നല്‍കിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും പാരിസ്ഥിതിക പ്രശ്‌നങ്ങളും പരിഗണിച്ച് റിസോര്‍ട്ട് പോളിച്ച് നീക്കുന്നതിന് ആവശ്യമായ മേല്‍നോട്ടവും സാങ്കേതിക സഹായവും ജില്ലാ കലക്‌ടറിൽ നിന്ന് പഞ്ചായത്ത് അഭ്യര്‍ത്ഥിച്ചിരുന്നു. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത് നീണ്ടു പോകുകയായിരുന്നു. ആക്ഷന്‍ പ്ലാന്‍, എസ്‌റ്റിമേറ്റ് എന്നിവ തയ്യാറാക്കാന്‍ പി.ഡബ്ല്യൂഡി കെട്ടിട വിഭാഗം, എന്‍വിയോണ്‍മെന്‍റ് എന്‍ജിനീയര്‍, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവരെ നേരത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
റിസോര്‍ട്ട് പൊളിക്കുന്നതുമായി ബന്ധപ്പെട്ട കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്‌ത് നടപടി സ്വീകരിക്കുന്നതിന് വെള്ളിയാഴ്‌ച ഉന്നതതല യോഗം തിരുവനന്തപുരത്ത് ചേരുന്നുണ്ട്.