ആലപ്പുഴ:സ്വർണക്കടത്ത് കേസിൽ പ്രതികളായ സ്വപ്ന സുരേഷിനെയും സരിത്തിനെയും തനിക്ക് അറിയില്ലെന്ന് ആലപ്പുഴയിലെ വ്യവസായി കിരൺ മാർഷൽ. സ്വപ്നയെ എന്നല്ല കേസിൽ ഉൾപ്പെട്ടിരിക്കുന്ന ആരുമായും തനിക്ക് ബന്ധമില്ല. എന്നിട്ടും എന്തിനാണ് തനിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്ന് മനസിലാകുന്നില്ല. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കിരൺ മാർഷൽ വ്യക്തമാക്കി.
സ്വർണക്കടത്ത് കേസിൽ പെട്ടവരുമായി ബന്ധമില്ലെന്ന് വ്യവസായി കിരണ്‍ മാര്‍ഷല്‍ - ഇടതുപക്ഷം
സ്വപ്നയെ എന്നല്ല കേസിൽ ഉൾപ്പെട്ടിരിക്കുന്ന ആരുമായും തനിക്ക് ബന്ധമില്ല. എന്നിട്ടും എന്തിനാണ് തനിക്കെതിരെ അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും മനസിലാകുന്നില്ല. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചിട്ടില്ലെന്നും ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കിരൺ മാർഷൽ വ്യക്തമാക്കി.
തനിക്കെതിരായ ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. തങ്ങളുടേത് ഒരു ഇടതുപക്ഷ കുടുംബമാണ്. അങ്ങനെ വരുമ്പോൾ സ്വാഭാവികമായും ഇടതുനേതാക്കളുമായി തങ്ങൾക്ക് ബന്ധമുണ്ടാവും.അതുകൊണ്ടാണ് തെരഞ്ഞെടുപ്പ് കാലത്തുൾപ്പടെ നേതാക്കൾ തന്‍റെ വീട്ടിൽ എത്തിയത് എന്നും കിരൺ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനുമായി തനിക്ക് പതിനെട്ട് വർഷത്തെ ബന്ധമാണുള്ളത്. അതുകൊണ്ടാണ് പിണറായി വിജയന്‍റെ കാർ വിലക്ക് വാങ്ങിയത്. എ.കെ.ജി സെന്‍ററിന് പണം നൽകിയാണ് താൻ കാർ വാങ്ങിയത്. എന്നാൽ ഇപ്പോൾ കാർ തന്‍റെ കയ്യിൽ ഇല്ലെന്നും പഴകിയതുകൊണ്ട് വിറ്റെന്നും കിരൺ വെളിപ്പെടുത്തി. എൻ.ഐ.എ എന്നല്ല ഒരു അന്വേഷണ ഏജൻസിയും തന്നെ ഇതുവരെ ബന്ധപ്പെട്ടിട്ടില്ല. ട്രിപ്പിൾ ലോക്ഡൗണായത് കൊണ്ട് താൻ വീട്ടിൽ തന്നെയാണുള്ളത്. മറിച്ചുള്ള വാർത്തകൾ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുമായുള്ള ബന്ധം കൊണ്ട് അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉന്നയിക്കാൻ വേണ്ടിയാണ് ഇത്തരം കെട്ടുകഥകൾ തനിക്കെതിരെ പടച്ചുണ്ടാക്കുന്നത്. തനിക്കെതിരെ ആരോപണം ഉന്നയിച്ച യു.ഡി.എഫ് കൺവീനർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും കിരൺ മാർഷൽ വ്യക്തമാക്കി.