ആലപ്പുഴ:'പൊന്നും പണവും വേണ്ട, ഇവളാണ് ധനം' എന്ന് പറഞ്ഞ് വിവാഹചടങ്ങുകൾക്ക് ശേഷം സ്വർണം തിരികെ ഏൽപിച്ച ആലപ്പുഴയിലെ വിവാഹം സമൂഹമാധ്യമങ്ങളിൽ ചർച്ചയാവുകയാണ്. സ്ത്രീധനത്തിന്‍റെ പേരില്‍ ഗാർഹിക പീഡനങ്ങളും ആത്മഹത്യകളും കൊലപാതകങ്ങളും തുടർപരമ്പരകളാകുമ്പോഴാണ്, നൂറനാട്ടെ സതീഷ് സത്യന്‍റെയും ശ്രുതിരാജിന്‍റെയും വിവാഹം നവമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ജൂലൈ 15നായിരുന്നു നൂറനാട് പള്ളിക്കൽ ഹരിഹരാലയത്തിൽ കെ.വി. സത്യൻ- ജി. സരസ്വതി ദമ്പതിമാരുടെ മകൻ സതീഷ് സത്യനും, നൂറനാട് പണയിൽ ഹരിമംഗലത്ത് പടീറ്റതിൽ ആർ. രാജേന്ദ്രൻ- പി. ഷീല ദമ്പതിമാരുടെ മകള്‍ ശ്രുതിരാജും വിവാഹിതരായത്.
നൂറനാട് പണയിൽ ദേവീക്ഷേത്രത്തിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടത്തിയ ചടങ്ങിൽ ഇരുകൂട്ടരുടെയും അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.
താലിമാല മാത്രം മതി, ശ്രുതിക്ക് നിർബന്ധമുണ്ടെങ്കിൽ ഓരോ കൈയിലും ഓരോ വള കൂടിയാവാം
വിവാഹത്തിന് വധുവണിഞ്ഞ 50 പവൻ സ്വർണത്തിൽ താലിമാലയും ശ്രുതിക്ക് ആവശ്യമെങ്കിൽ കൈയിലെ ഓരോ വളയും ഒഴിച്ച് ബാക്കി ആഭരണങ്ങൾ മുഴുവൻ വധുവിന്‍റെ വീട്ടുകാർക്ക് തിരികെ നൽകി. സതീഷും സത്യനും ചേർന്ന് എസ്എൻഡിപി ശാഖായോഗം ഭാരവാഹികളുടെ സാന്നിധ്യത്തിൽ വധുവിന്‍റെ മാതാപിതാക്കൾക്ക് സ്വർണം കൈമാറുകയായിരുന്നു.
ചർച്ചയായതിന് പിന്നാലെ വിമർശനവും
വിവാഹവേദിയിലേക്ക് വധുവിന് സ്വർണം ഇടാതെ വരാമായിരുന്നില്ലേ? പെൺകുട്ടിയുടെ അച്ഛൻ അത്രയും സ്വർണം സ്വരുക്കൂട്ടാനായി എന്ത് മാത്രം കഷ്ടപ്പെട്ടുകാണും, വിവാഹത്തിന് മുൻപേ ഇത് വ്യക്തമാക്കിയിരുന്നെങ്കിൽ അത് ഒഴിവാക്കാമായിരുന്നില്ലേ? ഇത് ശ്രദ്ധ നേടാനുള്ള വെറും ശ്രമം മാത്രമല്ലേ!!! എന്ന തരത്തിൽ സംഭവത്തിൽ വിമർശനങ്ങൾ ഉയർന്നു.
Also Read: വാക്‌സിനെടുത്തവർക്ക് ഇളവുമായി കേരളം
മാതൃകയായ വിവാഹമെന്ന പേരിലും വരന്‍റെ നാടകമാണിതെന്നും ചർച്ചകൾ പുരോഗമിക്കുന്നിതിനിടെ എന്തുകൊണ്ടാണ് ചടങ്ങിന് ശേഷം ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നതിൽ സതീഷും വിശദീകരണം നൽകി. വിവാഹം ഉറപ്പിച്ചപ്പോൾത്തന്നെ, സ്ത്രീധനത്തെക്കുറിച്ച് ഒരക്ഷരം മിണ്ടരുതെന്ന് സതീഷും വീട്ടുകാരും വധുവിന്‍റെ വീട്ടുകാരോട് പറഞ്ഞിരുന്നു.
സ്വർണം അണിയാതെ വധു വന്നിരുന്നെങ്കിൽ അതൊരു സാധാരണ സംഭവമാകുമായിരുന്നു എന്നും വിവാഹ വേദിയിൽ വച്ച് അത് തിരികെ നൽകുന്നതിലൂടെ സമൂഹത്തിന് നല്ലൊരു സന്ദേശം നൽകുക എന്നാണ് കരുതിയതെന്നും സതീഷ് പിന്നീട് വ്യക്തമാക്കി.
വിവാഹത്തിന് സ്വർണമണിയാതെ വന്നാൽ പെൺവീട്ടുകാർക്ക് നേരെ സമൂഹം പോലും ചിലപ്പോൾ ആക്ഷേപമുയർത്തുമെന്നും ഇതിനൊരു പ്രതിവിധി കൂടിയായിരുന്നു സതീഷിന്‍റെ തീരുമാനമെന്നും പറഞ്ഞ് വരനെ അനുകൂലിച്ചും ചിലർ അഭിപ്രായം പങ്കുവച്ചു.