ആലപ്പുഴ: പെൻഷൻ വിതരണത്തിനെത്തിയ സഹകരണ ബാങ്ക് ജീവനക്കാരനെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി. ആലപ്പുഴ നഗരസഭയിലെ കൊമ്മാടി വാർഡിൽ പെൻഷൻ വിതരണം ചെയ്യാനെത്തിയ ആലപ്പി നോർത്ത് സഹകരണ ബാങ്കിലെ കളക്ഷൻ ഏജന്‍റിനെയാണ് പ്രദേശത്തെ ബിജെപി പ്രവർത്തകർ മർദ്ദിച്ചതിനായി പരാതി ഉയർന്നിട്ടുള്ളത്. ആലപ്പുഴ കളാത്ത് സ്വദേശിയായ രഞ്‌ജിത് രമേശനെ (24)യാണ് ബിജെപി പ്രവർത്തകർ തടഞ്ഞുനിർത്തി ആക്രമിച്ചത്.
പെൻഷൻ വിതരണത്തിനെത്തിയവരെ ബിജെപി പ്രവർത്തകർ മർദിച്ചതായി പരാതി
തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ വിതരണം ചെയ്യാൻ പാടില്ലെന്നും പെൻഷൻ വിതരണത്തിനൊപ്പം വോട്ടേഴ്‌സ് സ്ലിപ്പും നൽകുന്നുണ്ടെന്നും ആരോപിച്ചാണ് മർദനമെന്ന് പരാതിക്കാരൻ.
തെരഞ്ഞെടുപ്പ് കാലത്ത് പെൻഷൻ വിതരണം ചെയ്യാൻ പാടില്ലെന്നും പെൻഷൻ വിതരണത്തിനൊപ്പം വോട്ടേഴ്‌സ് സ്ലിപ്പും നൽകുന്നുണ്ടെന്നും ആരോപിച്ചാണ് പ്രദേശത്തെ ബിജെപി പ്രവർത്തകർ തന്നെ മർദ്ദിച്ചതെന്ന് മർദനമേറ്റ രഞ്ജിത്ത് പറഞ്ഞു. തന്‍റെ കൈവശമുണ്ടായിരുന്ന 3000 രൂപയും അക്രമികൾ അപഹരിച്ചതായി സംശയിക്കുന്നുണെന്നും രഞ്ജിത്ത് പറഞ്ഞു. മർദനത്തെ തുടർന്ന് രഞ്ജിത്ത് ആലപ്പുഴ നോർത്ത് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. രഞ്ജിത്തിനെ തടയാനെത്തിയ നാട്ടുകാരെയും അക്രമിസംഘം മർദിച്ചു. ബിജെപി പ്രവർത്തകർക്കെതിരെ തെരഞ്ഞെടുപ്പ് പ്രവർത്തനം നടത്തുന്നെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരെ മർദ്ദിച്ചതെന്നാണ് പരാതി ഉയർന്നത്.
രഞ്‌ജിത്തിനെ മർദിക്കുന്നത് തടയാൻ ചെന്ന കളപ്പുര മാഞ്ചിറയ്‌ക്കൽ തൃപ്തികുമാർ (39), കൊമ്മാടി വേലശേരിൽ സച്ചിൻ ജേക്കബ് (24), കൊമ്മാടി മാടയിൽ എൻ പി ശശി (68) എന്നിവർക്കാണ് അക്രമിസംഘത്തിന്‍റെ മർദനമേറ്റത്. മർദനമേറ്റവരെ ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ആലപ്പുഴ നോർത്ത് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.