ആലപ്പുഴ: ആലപ്പുഴ നിയമസഭ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സന്ദീപ് വചസ്‌പതി പുന്നപ്ര-വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തിയ നടപടി വിവരക്കേടെന്ന് എല്‍ഡിഎഫ് സ്ഥാനാർഥി പി.പി. ചിത്തരഞ്ജൻ. വാർത്താതാളുകളിൽ ഇടംപിടിക്കാൻ വേണ്ടി ഏറ്റവും വിലകുറഞ്ഞ നിലപാടാണ് ഈ വിഷയത്തിൽ ബിജെപി സ്ഥനാർഥി സ്വീകരിച്ചിട്ടുള്ളതെന്നും എൽഡിഎഫ് സ്ഥാനാർഥി പ്രതികരിച്ചു. ഇതിന് മുൻപ് എത്രയോ തെരഞ്ഞെടുപ്പ് നടന്നിട്ടുണ്ട്. ബിജെപിയുടെയും മറ്റു പാർട്ടികളുടെയും എത്രയോ നേതാക്കൾ മത്സരിച്ചിട്ടുണ്ട്. അവരൊന്നും ഇങ്ങനെയൊന്നും ചെയ്‌തിട്ടില്ലല്ലോ എന്നും ചിത്തരഞ്ജൻ ചോദിച്ചു.
പുന്നപ്ര-വയലാർ സമരം ഈ രാജ്യത്തെ സ്വാതന്ത്യ്ര സമരത്തിന്‍റെ ഭാഗമാണ്. നാടുവാഴിത്വിത്തിനും ജന്മിത്വത്തിനും എതിരായ അതിശക്തമായ പോരാട്ടമാണ് സ്വന്തം ജീവൻ ബലിയർപ്പിച്ച് കൊണ്ട് നൂറുകണക്കിന് രക്തസാക്ഷികൾ നടത്തിയത്. അവരുടെ ഉജ്ജ്വലമായ പാരമ്പര്യത്തെ അധിക്ഷേപിക്കാനും രക്തസാക്ഷി മണ്ഡപത്തെ നിന്ദിക്കുവാനുമുള്ള സമീപനം അങ്ങേയറ്റം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.