കേരളം

kerala

By

Published : Jul 7, 2019, 4:47 PM IST

Updated : Jul 7, 2019, 11:17 PM IST

ETV Bharat / state

ഗൗരിയമ്മക്ക് വൈകിയെത്തിയ പിറന്നാൾ മധുരം

"കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ" എന്ന് അച്യുതാനന്ദൻ പാടിയിട്ട് ഭരിച്ചത് അച്യുതാനന്ദനെന്ന് പറഞ്ഞു കളിയാക്കാനും ഗൗരിയമ്മ മറന്നില്ല.

വി എസ് അച്യുതാനന്ദനും കെ ആർ ഗൗരിയമ്മയും

ആലപ്പുഴ: കേരളത്തിന് ലഭിച്ച വിപ്ലവ നക്ഷത്രങ്ങളുടെ അപൂർവ കൂടിക്കാഴ്‌ചക്കായിരുന്നു ഇന്നലെ പുന്നപ്ര - വയലാറിന്‍റെ മണ്ണ് സാക്ഷ്യം വഹിച്ചത്. ഒരു ചെറിയ ഇടവേളക്ക് ശേഷമാണ് രാജ്യത്തെ തന്നെ മുതിർന്ന കമ്യൂണിസ്റ്റ് നേതാക്കളായ കെ ആർ ഗൗരിയമ്മയും വി എസ് അച്യുതാനന്ദനും നേരിൽ കാണുന്നത്. കേരളത്തിന്‍റെ പെൺകരുത്ത് ഗൗരിയമ്മയ്ക്ക് പിറന്നാൾ ആശംസകളുമായി എത്തിയതാണ് മുൻ മുഖ്യമന്ത്രിയും ഭരണപരിഷ്‌കാര കമ്മീഷൻ ചെയർമാനുമായ വി എസ് അച്യുതാനന്ദൻ.

ഗൗരിയമ്മക്ക് വൈകിയെത്തിയ പിറന്നാൾ മധുരം

പഴയ സഹപ്രവർത്തകർ തമ്മിൽ കണ്ടുമുട്ടിയപ്പോൾ ഇരുവർക്കും പറയാനുണ്ടായിരുന്നത് പഴയകാലത്തെ രാഷ്ട്രീയ ഓർമ്മകൾ തന്നെയായിരുന്നു. പിണക്കങ്ങളും രാഷ്ട്രീയ വിയോജിപ്പുകളും കാലത്തിന് പിന്നിലേക്ക് വലിച്ചെറിഞ്ഞ്, സമരസപ്പെടാത്ത പോരാട്ടകാലത്തെ ഓർമ്മകളിലേക്ക് ഇരുവരും കൈപിടിച്ച് നടന്നു. "കേരം തിങ്ങും കേരള നാട്ടിൽ കെ ആർ ഗൗരി ഭരിക്കട്ടെ" എന്ന് അച്യുതാനന്ദൻ പാടിയിട്ട് ഭരിച്ചത് അച്യുതാനന്ദനെന്ന് പറഞ്ഞു കളിയാക്കാനും ഗൗരിയമ്മ മറന്നില്ല. പിറന്നാൾ ദിവസം കാണാൻ എത്താഞ്ഞത് കൊണ്ടാണ് ഇപ്പോൾ വന്നെതെന്ന് വി എസ് പറഞ്ഞപ്പോൾ പിറന്നാൾ ദിവസം എത്താഞ്ഞത് കൊണ്ട് സദ്യയൊന്നും കരുതിയില്ലെന്ന് ഗൗരിയമ്മയുടെ മറുപടി. പ്രായത്തിൽ മുതിർന്നത് ആരെന്ന ഗൗരിയമ്മയുടെ ചോദ്യത്തിന് ഇളയത് താനെന്ന് ചിരിച്ചുകൊണ്ട് വിഎസിന്‍റെ മറുപടി. മധുരം പതിവില്ലാത്ത വിഎസ് ഗൗരിയമ്മ വച്ചുനീട്ടിയ ലഡു കഴിച്ചു. പത്ത് മിനിറ്റ് നേരം നീണ്ടുനിന്ന കൂടിക്കാഴ്‌ചക്ക് ശേഷം വീണ്ടും കാണാം എന്ന് പറഞ്ഞ് വിഎസ് കളത്തിപ്പറമ്പ് വീടിന്‍റെ പടികളിറങ്ങി.

Last Updated : Jul 7, 2019, 11:17 PM IST

ABOUT THE AUTHOR

...view details