ആലപ്പുഴ: ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് രോഗ നിയന്ത്രണം അടിയന്തരമായി നടപ്പാക്കുന്നതിന് ജില്ലാ കലക്ടർ എ അലക്സാണ്ടറിന്‍റെ അധ്യക്ഷതയിൽ കലക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. ജില്ലയില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ സന്നിഹിതരായി.
പക്ഷിപ്പനി സ്ഥിരീകരിച്ച സ്ഥലങ്ങളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കും രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിനുള്ളിലെ പക്ഷികളെ കൊന്ന് നശിപ്പിക്കുന്നതിന് തീരുമാനമായി. യോഗത്തില്‍ ജില്ലാ മൃഗ സംരക്ഷണ ഓഫീസര്‍ ഡോ.പി.കെ.സന്തോഷ് കുമാര്‍, ചീഫ് വെറ്ററിനറി ഓഫീസര്‍ ഡോ.എസ്.ജെ.ലേഖ, ജില്ലാ എപ്പിഡമിയോളജിസ്റ്റ് ഡോ.വൈശാഖ് മോഹന്‍, ഡോ.പി.രാജീവ്, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ആശാ സി.എബ്രഹാം, മറ്റ് വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
നെടുമുടി പഞ്ചായത്തിലും തകഴി പഞ്ചായത്തിലും പള്ളിപ്പാട് പഞ്ചായത്തിലും കരുവാറ്റയിലുമാണ് രോഗ ബാധ സ്ഥിരീകരിച്ചിട്ടുള്ളത്. നെടുമുടിയില്‍ രോഗബാധയുണ്ടായ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള 5975 പക്ഷികളെയും തകഴിയില്‍ 11250 ഉം പള്ളിപ്പാട് 4627 ഉം കരുവാറ്റയില്‍ 12750 ഉം പക്ഷികളെ ഇത്തരത്തില്‍ നശിപ്പിക്കേണ്ടതായി കണ്ടെത്തിയിട്ടുണ്ട്. താറാവുള്‍പ്പടെയുള്ള പക്ഷികളുടെ കണക്കാണിത്. പക്ഷികളെ കൊല്ലുന്നതിനായി നേതൃത്വം നല്‍കുന്നതിന് 18 അംഗ റാപ്പിഡ് റസ്പോണ്‍സ് ടീം രൂപീകരിച്ചു. ഒരു വെറ്ററിനറി ഡോക്ടറുള്‍പ്പടെ 10 പേര്‍ ടീമില്‍ അംഗങ്ങളായിരിക്കും.
വെറ്ററിനറി ഡോക്ടറായിരിക്കും സംഘത്തലവന്‍. പക്ഷികളെ നശിപ്പിക്കുന്ന നടപടികള്‍ നാളെ രാവിലെ തന്നെ ആരംഭിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. മൂന്ന് ദിവസത്തിനുള്ളില്‍ പക്ഷികളുടെ കള്ളിങ് പൂര്‍ത്തിയാക്കാനാണ് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ഈ നാല് പഞ്ചായത്തുകളിലുമായി ആകെ 34,602 പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പ് കരുതുന്നത്.