ആലപ്പുഴ: കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. അപ്പർകുട്ടനാടൻ മേഖലയായ നെടുമുടി, തകഴി, പളളിപ്പാട്, കരുവാറ്റ, എടത്വ, എന്നിവിടങ്ങളിലാണ് ജില്ലയിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടയിൽ ആലപ്പുഴയിലും കോട്ടയത്തും താറവുകൾ ചത്തത്ത് പക്ഷിപ്പനി മൂലമാണെന്ന് സ്ഥിരീകരിച്ചതായി മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ.രാജു അറിയിച്ചിരുന്നു.
കുട്ടനാട്ടിൽ വീണ്ടും പക്ഷിപ്പനി; താറാവുകൾ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം - kuttanad
2014, 2016 വർഷങ്ങളിലും കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.

ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയെ തുടർന്ന് എച്ച്5എൻ8 എന്ന വൈറസ് ബാധ മൂലമാണ് താറാവുകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് എന്ന് സ്ഥിരീകരിക്കുകയായിരുന്നു. വൈറസ് ബാധമൂലം അപ്പർകുട്ടനാട്ടിൽ ആയിരത്തിലേറെ താറാവുകളാണ് ദിവസവും ചാകുന്നത്. ഈ സാഹചര്യത്തിൽ സർക്കാർ തന്നെ മുൻകൈയെടുത്ത് ഇവരെ നശിപ്പിക്കുവാനും പരിസരം അണുവിമുക്തമാക്കുവാനും ഇടപെടണമെന്നാണ് കർഷകരുടെ ആവശ്യം. ഇതോടൊപ്പം കർഷകർക്ക് സാമ്പത്തിക സഹായവും പ്രഖ്യാപിക്കണമെന്ന് ജനപ്രതിനികളും ആവശ്യപ്പെട്ടു. അതേസമയം പക്ഷിപ്പനി ഇതുവരെ മനുഷ്യരിലേക്ക് പകർന്നിട്ടില്ല എന്നത് ആശ്വാസം പകരുന്നുണ്ടെങ്കിലും കടുത്ത ജാഗ്രത വേണമെന്നാണ് ആരോഗൃ വകുപ്പ് അധികൃതർ നൽകുന്ന മുന്നറിയിപ്പ്. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റർ ചുറ്റളവിലുള്ള മുഴുവൻ പക്ഷികളെയും നശിപ്പിക്കുവാനും ആവശ്യമായ അണുനശീകരണ പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ ആരംഭിച്ചതായാണ് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.
കൊവിഡ്, ഷിഗല്ലെ തുടങ്ങിയ രോഗങ്ങൾ സംസ്ഥാനത്ത് നിലനിൽക്കുന്നതിനിടയിൽ പക്ഷിപ്പനി കൂടി സ്ഥിരീകരിച്ചത് ആശങ്കയോടെയാണ് ആരോഗ്യ വകുപ്പ് അധികൃതർ കാണുന്നത്. 2014, 2016 വർഷങ്ങളിലും ഇതിന് മുൻപ് കുട്ടനാട്ടിൽ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.