ആലപ്പുഴ :വാഹനാപകടത്തില്‍ പരിക്കേറ്റ് കിടപ്പിലായതിനെ തുടര്‍ന്ന് ജീവിതം ദുരിതത്തിലായ മരോട്ടിക്കൽ ശ്യാമിന് കൃഷി മന്ത്രി പി പ്രസാദിന്റെ കൈത്താങ്ങ്. കിടക്കാൻ ഇടമില്ലാത്തതിനാൽ ഒരു വാടക വീടിനോട് ചേർന്നുള്ള കുളിമുറിയില്‍ കഴിഞ്ഞിരുന്ന 33 കാരന്റെ വാർത്തയറിഞ്ഞാണ് മന്ത്രിയെത്തിയത്.
ശ്യാമിൻ്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞ മന്ത്രി പത്തനാപുരം ഗാന്ധിഭവൻ ഭാരവാഹികളുമായി ബന്ധപ്പെട്ടു. ഒരു മണിക്കൂറിനുള്ളിൽ തന്നെ ആംബുലന്‍സെത്തി ഗാന്ധിഭവനിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
നിർത്തിയിട്ടിരുന്ന ലോറിയിലിടിച്ച് അപകടം, പിന്നെ ദുരിത ജീവിതം
ഒരു മാസം മുമ്പ് എറണാകുളം പാതാളത്തുവച്ചാണ് അപകടമുണ്ടായത്. ഇയാൾ ഓടിച്ചിരുന്ന എയ്സ് ചരക്ക് വാഹനം, നിർത്തിയിട്ടിരുന്ന കണ്ടെയ്നര്‍ ലോറിയില്‍ ഇടിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേർക്കും പരിക്കേറ്റു.
കാലിന് ഒടിവും, വാരിയെല്ലിന് പൊട്ടലും സംഭവിച്ചതിനെ തുടര്‍ന്നാണ് കിടപ്പിലായത്. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സ നൽകിയിരുന്നു. നോക്കാനാളില്ലാത്തതിനാൽ ആശുപത്രിയില്‍ നിന്നും നേരത്തേ താമസിച്ചിരുന്ന വാടക വീടിനോട് ചേർന്നുള്ള കുളിമുറിയിലേക്ക് മാറേണ്ടിവന്നു.