ആലപ്പുഴ: ഈഴവ സമുദായത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളി നടേശനും കുടുംബവുമെന്ന് ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറിയും എസ്എൻഡിപി മാവേലിക്കര യൂണിയൻ മുൻ പ്രസിഡന്‍റുമായ സുഭാഷ് വാസു. എസ്എൻഡിപി പ്രസ്ഥാനത്തിൽ നിന്ന് ഊറ്റിയെടുത്ത പണം കൊണ്ടാണ് വെള്ളാപ്പള്ളിയും കുടുംബവും തടിച്ചുകൊഴുക്കുന്നത്. വെള്ളാപ്പള്ളി നടേശന്‍ സ്വയം ആനയാണെന്നാണ് പറയുന്നത്. താൻ അദ്ദേഹത്തെ വെറും കുഴിയാനയായാണ് കാണുന്നത്. സമുദായ ദ്രോഹികളെ തനിക്ക് മഹാനായി കാണാനാവില്ലെന്നും സുഭാഷ് വാസു പറഞ്ഞു.
സമുദായത്തിന്‍റെ രക്തം കുടിക്കുന്ന ഡ്രാക്കുളയാണ് വെള്ളാപ്പള്ളിയും കുടുംബവും: സുഭാഷ് വാസു - സുഭാഷ് വാസു
ബിഡിജെഎസ് അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയല്ലെന്നും താനാണെന്നും ബിഡിജെഎസ് സംസ്ഥാന ജനറൽ സെക്രട്ടറി സുഭാഷ് വാസു.
താൻ ഒരു രൂപ പോലും അപഹരിച്ചിട്ടില്ല. പണം അടിച്ചെടുക്കുന്ന പണി വെള്ളാപ്പള്ളിയും കുടുംബവുമാണ് സ്വീകരിക്കുന്നത്. 2002ന് ശേഷം വെള്ളാപ്പള്ളിയുടെ 2,000 കോടിയുടെ വരുമാനത്തിന്‍റെ സ്രോതസ് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. തുഷാർ വെള്ളാപ്പള്ളിയല്ല താനാണ് ബിഡിജെഎസ് അധ്യക്ഷൻ. തെരഞ്ഞെടുപ്പ് കമ്മിഷന് സമർപ്പിച്ച രേഖകളിൽ നിന്ന് ഇത് വ്യക്തമാവും. തുഷാറിന്‍റെ തെരഞ്ഞെടുപ്പ് രേഖകളിൽ പോലും പാർട്ടി അധ്യക്ഷന്‍ എന്ന നിലയിൽ താനാണ് ഒപ്പുവച്ചതെന്നും അദ്ദേഹം പറഞ്ഞു. തുഷാറിന് മെമ്പർഷിപ്പ് ഉണ്ടോയെന്ന് പരിശോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജനുവരി 16ന് ശേഷം തിരുവനന്തപുരത്ത് ടി.പി.സെൻകുമാറിനൊപ്പം വാർത്താസമ്മേളനം വിളിച്ചുചേർത്ത് വെള്ളാപ്പള്ളി നടേശന്‍റെയും കുടുംബത്തിന്‍റെയും അഴിമതികഥകൾ സംബന്ധിച്ച രേഖകൾ പുറത്തുവിടുമെന്നും അദ്ദേഹം വ്യക്തമാക്കി.