ആലപ്പുഴ:ആലപ്പുഴയിൽ 500 കിലോയിലേറെയുള്ള നിരോധിത ലഹരി വസ്തുക്കൾ പിടികൂടി. എക്സൈസ് എൻഫോഴ്‌സ്‌മെന്‍റ് ആന്‍റ് ആന്‍റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് സിഐ ബിജുകുമാറിന് ലഭിച്ച രഹസ്യ വിവര പ്രകാരം സ്ക്വാഡ് ടീം മണ്ണഞ്ചേരി ഭാഗത്ത് നടത്തിയ റെയ്‌ഡിലാണ് ലഹരി വസ്തുക്കൾ പിടികൂടിയത്. സംഭവത്തിൽ മണ്ണഞ്ചേരി ബ്ലാവത്തു വീട്ടിൽ സുനീറിനെ എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഏകദേശം പന്ത്രണ്ടര ലക്ഷത്തോളം രൂപ വിലവരുന്ന നിരോധിത ലഹരി വസ്തുക്കളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്.
ആലപ്പുഴയിൽ 500 കിലോയിലേറെ നിരോധിത ലഹരി വസ്തുക്കൾ പിടികൂടി - BANNED TOBACCO PRODUCTS SEIZED
25,000 പാക്കറ്റുകളിലായി 500 കിലോയിലേറെ തൂക്കം വരുന്ന നിരോധിത ലഹരി വസ്തുക്കളുടെ വൻ ശേഖരമാണ് എക്‌സൈസ് സംഘത്തിന് ലഭിച്ചത്.
സുനീർ വാടകയ്ക്ക് ഗോഡൗൺ ആയി ഉപയോഗിച്ച് വന്ന ചിറയിൽ വീട്ടിൽ നൗഷാദിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെടുത്തത്. 25,000 പാക്കറ്റുകളിലായി 500 കിലോയിലേറെ തൂക്കം വരുന്ന നിരോധിത ലഹരി വസ്തുക്കളുടെ വൻ ശേഖരമാണ് എക്‌സൈസ് സംഘത്തിന് ലഭിച്ചത്. പിടിയിലായ സുനീർ ആലപ്പുഴ, കലവൂർ ഭാഗങ്ങളിൽ മൊത്ത വിതരണവും ചില്ലറയായും വിൽപ്പന നടത്തി വരികയായിരുന്നു എന്നാണ് എക്സൈസ് സംഘത്തിന് ലഭിച്ച വിവരം.
മണ്ണഞ്ചേരി തമ്പകചുവട് സ്വദേശികളായ ബാബു, നസീർ എന്നിവരാണ് കച്ചവടത്തിൽ സുനീറിന്‍റെ സഹായികളെന്നും ഇവർക്കായുള്ള തിരച്ചിൽ ഊർജ്ജിതമാക്കിയതായും അന്വേഷണ സംഘം അറിയിച്ചു. പാക്കറ്റ് ഒന്നിന് 50 രൂപ എന്ന നിരക്കിലായിരുന്നു ഇവർ ചില്ലറ വിൽപ്പന നടത്തിയിരുന്നത്. എക്സൈസ് ഇൻസ്‌പെക്ടർ കെ അജയൻ, പ്രിവന്‍റീവ് ഓഫീസർ എ.അജീബ്, സിവിൽ എക്സൈസ് ഓഫീസർമാരായ എച്ച്.മുസ്തഫ, ടി.ഡി ദീപു, ജിനു.എസ്, ജോൺസൻ ജേക്കബ്, സനൽ സിബി രാജ് എന്നിവരടങ്ങുന്ന സംഘമാണ് ഇവ പിടികൂടിയത്.