ആലപ്പുഴ: തോട്ടപ്പള്ളിയിൽ കെഎംഎൽഎൽ കരിമണൽ വേർതിരിക്കാൻ സ്പൈറൽ യൂണിറ്റ് സ്ഥാപിക്കാൻ ശ്രമിച്ചതിനെ തുടർന്ന് സ്ഥലത്ത് സംഘർഷാവസ്ഥ. തോട്ടപ്പള്ളി ഹാർബറിനുള്ളിൽ കെ.എം.എൽ.എൽ സ്പൈറൽ യൂണിറ്റ് സ്ഥാപിക്കാനൊരുങ്ങിയതാണ് സംഘർഷത്തിൽ കലാശിച്ചത്. കരിമണൽ ഖനനത്തിനെതിരെ തോട്ടപ്പള്ളിയിൽ റിലേ സമരം നടത്തി വരുന്ന ജനകീയ സമരസമിതിയുടെ നേതൃത്തിൽ 500ഓളം സമരക്കാരാണ് പ്രതിഷേധിച്ചത്. പുറക്കാട് പഞ്ചായത്തിന്‍റെ അനുമതി ഇല്ലാതെയാണ് ഇവിടെ സ്പൈറൽ യൂണിറ്റ് സ്ഥാപിക്കാൻ അധികൃതർ ഒരുങ്ങിയത് എന്നാണ് പ്രധാന ആക്ഷേപം.
തോട്ടപ്പള്ളിയില്‍ പ്രതിഷേധം: കലക്ടറുമായുള്ള ചർച്ചയില്‍ സമവായം - Alappuzha
പുറക്കാട് പഞ്ചായത്തിന്‍റെ അനുമതി ഇല്ലാതെയാണ് സ്പൈറൽ യൂണിറ്റ് സ്ഥാപിക്കാൻ അധികൃതർ ഒരുങ്ങിയത് എന്നാണ് പ്രധാന ആക്ഷേപം.
യന്ത്രങ്ങൾ കൊണ്ടുവന്ന ലോറി ഉൾപ്പെടെ ഹാർബറിന് പുറത്തുകൊണ്ടുപോകണമെന്നാണ് സമരക്കാർ ആവശ്യപ്പെട്ടത്. പഞ്ചായത്ത് പ്രസിഡന്‍റും സമരസമിതി ചെയർപേഴ്‌സണുമായ റഹ്മത്ത് ഹാമീദ്, കെപിസിസി ജനറൽ സെക്രട്ടറി എ എ ഷുക്കൂർ, ഡി സി സി പ്രസിഡന്‍റ് എം. ലിജു, കെ. പ്രദീപ് തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി. സംഘർഷ സാധ്യത ഉള്ളതിനാൽ വൻ പൊലീസ് സേനയും സ്ഥലത്ത് നിലയുറപ്പിച്ചിരുന്നു. തുടർന്ന് ജില്ലാ കലക്ടർ സ്ഥലത്തെത്തി സമരക്കാരുമായി ചർച്ച നടത്തി. ഇതിന്‍റെ അടിസ്ഥാനത്തിൽ യന്ത്രങ്ങൾ ഇവിടെ നിന്ന് മാറ്റാൻ ധാരണയായി. ഇതോടെയാണ് മണിക്കൂറുകൾ നീണ്ടുനിന്ന ഉപരോധ സമരത്തിന് സമാപനമായത്.