കേരളം

kerala

ETV Bharat / state

നിയമസഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴയിൽ സിപിഎം സ്ഥാനാർഥികളുടെ പ്രാഥമിക പട്ടികയായി - assembly election 2021

രണ്ടു ദിവസമായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് സ്ഥാനാർഥികളുടെ പ്രാഥമിക പട്ടികയിൽ ധാരണയായത്

നിയമസഭാ തെരഞ്ഞെടുപ്പ്  ആലപ്പുഴയിൽ സി.പി.എം സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയായി  ആലപ്പുഴ  ആലപ്പുഴ തെരഞ്ഞെടുപ്പ്  സി.പി.എം സ്ഥാനാർത്ഥികൾ  assembly election  cpm candidates primary list in alappuzha  cpm candidates  assembly election 2021  alappuzha
നിയമസഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴയിൽ സി.പി.എം സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയായി

By

Published : Mar 2, 2021, 2:50 PM IST

ആലപ്പുഴ: നിയമസഭാ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ആലപ്പുഴയിലെ സിപിഎം സ്ഥാനാർഥികളുടെ പ്രാഥമിക പട്ടികയായി. സംസ്ഥാന സെക്രട്ടറിയുടെ ചുമതലയുള്ള എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവൻ, കേന്ദ്ര കമ്മിറ്റി അംഗം എം.വി ഗോവിന്ദൻ മാസ്റ്റർ എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടു ദിവസമായി ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് ഇതു സംബന്ധിച്ച ധാരണയായത്.

നിയമസഭാ തെരഞ്ഞെടുപ്പ്; ആലപ്പുഴയിൽ സി.പി.എം സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടികയായി

ജില്ലയിൽ നിന്നുള്ള മന്ത്രിമാരായ ഡോ. ടി.എം തോമസ് ഐസകും ജി.സുധാകരനും വീണ്ടും മത്സരിക്കാൻ യോഗം തീരുമാനിച്ചു. എന്നാൽ ഇതിന് സംസ്ഥാന സമിതിയുടെ പ്രത്യേക അനുമതി ലഭിക്കേണ്ടതുണ്ട്. രണ്ടുവട്ടം മത്സരിച്ചവരെ പരിഗണിക്കേണ്ടതില്ലെന്ന സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ തീരുമാനത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു അനുമതി ഇരുവർക്കും ആവശ്യമായി വരുന്നത്. ജില്ലയിലെ ഒൻപത് മണ്ഡലങ്ങളിൽ ആറെണ്ണത്തിലാണ് പാർട്ടി മത്സരിക്കുന്നത്. ഇവയിൽ ആലപ്പുഴ, അമ്പലപ്പുഴ, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ നിലവിലുള്ളവർ തുടരാൻ ധാരണയായി. എന്നാൽ മാവേലിക്കര, കായംകുളം മണ്ഡലങ്ങളിൽ നിലവിലുള്ളവർ തുടരുന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. മാവേലിക്കരയിലെ പട്ടികജാതി സംവരണ സീറ്റിൽ രണ്ടു തവണ മത്സരിച്ച ആർ രാജേഷ് എംഎൽഎയെ മാറ്റി പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും തിരുവിതാംകൂർ ദേവസ്വം ബോർഡ്‌ മുൻ അംഗവുമായ ആർ. രാഘവന്‍റെ പേരാണ് ഒരു വിഭാഗം മുന്നോട്ടു വച്ചത്. എന്നാൽ രാഘവന് വിജയസാധ്യത കുറവാണ് എന്നതിനാൽ സീറ്റ് നിലനിർത്താൻ കഴിയുമോ എന്ന ആശങ്കയാണ് പാർട്ടിയിൽ തർക്കത്തിനിടയാക്കിയത്.

കായംകുളം സീറ്റിൽ അഡ്വ. യു പ്രതിഭയും കായംകുളത്തെ പ്രാദേശിക നേതൃത്വവും ഡിവൈഎഫ്ഐ ഏരിയ നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയും തർക്കവും രൂക്ഷമായ സാഹചര്യത്തിൽ ഏരിയ നേതൃത്വത്തിന്‍റെ പിന്തുണ ലഭിക്കാത്തതാണ് കായംകുളം സീറ്റിനെ സംബന്ധിച്ച തർക്കത്തിന് കാരണം. ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗവുമായ കെ.എച്ച്. ബാബുജാന്‍റെ പേരാണ് പകരം ഉയർന്ന് വന്നിട്ടുള്ളത്. എന്നാൽ ഒരാഴ്ച മുൻപ് കായംകുളത്ത് നിന്നുള്ള ഒരു വിഭാഗം നേതാക്കൾ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തുകയും കായംകുളം സീറ്റിനെ സംബന്ധിച്ച് പാർട്ടിയിലേക്ക് നിർദേശം വയ്ക്കാൻ അഭ്യർഥിച്ചതായും സിപിഎം വൃത്തങ്ങൾ വെളിപ്പെടുത്തിയിരുന്നു.

കായംകുളം മണ്ഡലത്തിൽ നിന്ന് തന്നെയുള്ള ഒരാളെ മത്സരിപ്പിക്കണം എന്നതാണ് ഈ വിഭാഗം ഉയർത്തുന്ന വാദം. ഉപതെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട അരൂരിൽ കെഎസ്‌ഡിപി ചെയർമാനും പാർട്ടിയുടെ സംസ്ഥാന കമ്മിറ്റിയംഗവുമായ സി.ബി ചന്ദ്രബാബുവിനാണ് പ്രഥമ പരിഗണന. എന്നാൽ ജില്ലാ സെക്രട്ടറി ആർ നാസറിനും അരൂർ സീറ്റിൽ താത്‌പര്യമുള്ളതിനാൽ അരൂർ സീറ്റിനെ സംബന്ധിച്ച് സംസ്ഥാന കമ്മിറ്റിക്ക് നൽകിയ നിർദേശത്തിൽ ആർ.നാസറിന്‍റെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇരുവരും ഈഴവ വിഭാഗത്തിൽ നിന്നുള്ളവരാണ്. ഈഴവ ഭൂരിപക്ഷമുള്ള മണ്ഡലത്തിൽ ഈഴവ വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണ് ആ വിഭാഗത്തിൽപ്പടുന്ന ഒരാളെ തന്നെ അരൂരിൽ സ്ഥാനാർത്ഥിയായി പരിഗണിക്കുന്നത്. സെക്രട്ടേറിയറ്റ് യോഗം ഇന്നും തുടരും.

ABOUT THE AUTHOR

...view details