ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്‌ച നടന്ന നിയമസഭാ ഉപതെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണല്‍ രാവിലെ എട്ട് മണിമുതല്‍ നടക്കുമെന്ന് വരണാധികാരി അറിയിച്ചു. പള്ളിപ്പുറം എന്‍എസ്എസ് കോളജ് ഓഡിറ്റോറിയത്തില്‍ സജ്ജീകരിച്ചിട്ടുള്ള കൗണ്ടിങ് ഹാളിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. രാവിലെ 7.30 ന് വോട്ടിങ് യന്ത്രങ്ങള്‍ സൂക്ഷിച്ചിട്ടുള്ള സ്ട്രോങ് റൂമുകള്‍ തുറക്കും. രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുടെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും ഒബ്‌സര്‍വറുടെയും സാന്നിധ്യത്തിലാകും സ്ട്രോങ് റൂമുകള്‍ തുറക്കുക.
അരൂർ ആർക്കെന്ന് നാളെ അറിയാം; വോട്ടെണ്ണലിനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായി
നാളെ രാവിലെ എട്ട് മണിമുതല്‍ വോട്ടെണ്ണൽ ആരംഭിക്കും. 14 ടേബിളുകളിലായി 42 കൗണ്ടിങ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണലിന് നിയമിച്ചിട്ടുള്ളത്.
14 ടേബിളുകളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിരിക്കുന്നത്. 42 കൗണ്ടിങ് ഉദ്യോഗസ്ഥരെയും ഇതിനായി നിയോഗിച്ചിട്ടുണ്ട്. ഓരോ ടേബിളിനും കൗണ്ടിങ് സൂപ്പര്‍വൈസര്‍, കൗണ്ടിങ് അസിസ്റ്റന്‍റ്, ഒരു മൈക്രോ ഒബ്‌സര്‍വര്‍ എന്നിവര്‍ ഉണ്ടാകും. തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കുന്ന ഐഡി കാര്‍ഡ് ഇല്ലാത്തവരെ വോട്ടെണ്ണല്‍ നടക്കുന്ന ഹാളിലേക്ക് പ്രവേശിപ്പിക്കില്ലെന്നും കര്‍ശനമായ സുരക്ഷാക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളതെന്നും ജില്ലാ കലക്‌ടര്‍ അറിയിച്ചു. നറുക്കെടുപ്പിലൂടെ രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികൾ തെരഞ്ഞെടുക്കുന്ന അഞ്ച് ബൂത്തുകളിലെ വിവി പാറ്റ് സ്ലിപ്പുകളും എണ്ണും.