ആലപ്പുഴ: സംസ്ഥാനത്തെ മറ്റ് 19 മണ്ഡലങ്ങളും യുഡിഎഫിനൊപ്പം നിന്നപ്പോൾ വിപ്ലവ ഭൂമിയായ ആലപ്പുഴ മാത്രമാണ് എൽഡിഎഫിന് ആശ്വാസമേകിയത്. ഇതുകൊണ്ടുതന്നെയാണ് ആലപ്പുഴയിലെ വിജയം കേരളത്തിലെ ഇടതുപക്ഷത്തിനാകെ പ്രതീക്ഷ നൽകുന്നത്. എന്നാൽ വിജയത്തിന് പിന്നിൽ പ്രവര്‍ത്തിച്ചവരെ നന്ദിയോടെ സ്മരിക്കുമ്പോഴും വോട്ട് ചോര്‍ച്ച അതീവ ഗൗരവത്തോടെയാണ് പാര്‍ട്ടി കാണുന്നത്.
ആരിഫിന്‍റെ വിജയത്തിനിടയിലും വോട്ട് ചോർച്ചയിൽ ആശങ്കപ്പെട്ട് സിപിഎം - alappuzha
സിപിഎമ്മിന് ശക്തമായ സ്വാധീനമുള്ള ആലപ്പുഴ ജില്ലയിൽ പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽ പോലും വോട്ട് ചോര്‍ച്ചയുണ്ടായി. അരൂർ മണ്ഡലത്തിലെ വോട്ട് ചോർച്ച ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് നേതൃത്വം.
ലോക്സഭ മണ്ഡലങ്ങളിൽ ഇടതുപക്ഷം പ്രതിനിധീകരിക്കുന്ന കായംകുളം, ചേർത്തല എന്നിവിടങ്ങളിൽ മാത്രമാണ് നേരിയ ലീഡ് എങ്കിലും നേടാൻ സാധിച്ചത്. ആരിഫ് പ്രതിനിധീകരിക്കുന്ന അരൂർ മണ്ഡലത്തിൽ 648 വോട്ടിന്‍റെ ഭൂരിപക്ഷമാണ് എതിർ സ്ഥാനാർഥി അഡ്വ. ഷാനിമോൾ ഉസ്മാൻ നേടിയത്. ജില്ലയിൽ നിന്നുള്ള സിപിഎം മന്ത്രിമാരായ ഡോ. ടി എം തോമസ് ഐസക്, ജി സുധാകരൻ എന്നിവർ പ്രതിനിധീകരിക്കുന്ന ആലപ്പുഴ, അമ്പലപ്പുഴ മണ്ഡലങ്ങളും ആരിഫിന്‍റെ വോട്ട് വിഹിതത്തിൽ കുറവ് ഉണ്ടാക്കിയിട്ടുണ്ട്. ഇടയ്ക്ക് സിപിഎം പ്രവർത്തകർ തള്ളിപ്പറഞ്ഞ അഡ്വ യു പ്രതിഭയുടെ മണ്ഡലമായ കായംകുളവും സിപിഐ മന്ത്രി പി തിലോത്തമൻ പ്രതിനിധീകരിക്കുന്ന ചേർത്തലയുമാണ് ആരിഫിന് കരുത്തായി ഒപ്പമുണ്ടായിരുന്നത് എന്നതും ശ്രദ്ധേയമാണ്. അരൂർ മണ്ഡലത്തിലെ വോട്ട് ചോർച്ച അരൂർ ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമോയെന്ന ആശങ്കയിലാണ് സിപിഎം നേതൃത്വം.