ആലപ്പുഴ:പാലാ നിയോജക മണ്ഡലത്തെ സംബന്ധിച്ച് ഉചിതമായ തീരുമാനം എൽഡിഎഫ് നേതാക്കൾ സ്വീകരിക്കുമെന്ന് എൻസിപി സംസ്ഥാന കമ്മിറ്റി അംഗം തോമസ് കെ തോമസ്. പാലാ സീറ്റ് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ പ്രാപ്‌തിയുള്ള നേതാക്കന്മാരാണ് എൽഡിഎഫിനുള്ളത്. എൽഡിഎഫ് ആവശ്യമായ സമയത്ത് ഉചിതമായ തീരുമാനമെടുക്കും. പാലാ, കുട്ടനാട്, എലത്തൂർ, കോട്ടക്കൽ സീറ്റുകളെ സംബന്ധിച്ച് അവരാണ് തീരുമാനിക്കുക. സീറ്റുകളെ സംബന്ധിച്ച് പാർട്ടിയിൽ ചർച്ചയിലൂടെ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം വ്യക്തമാക്കി.
പാലാ സീറ്റ് സംബന്ധിച്ച് ഉചിതമായ തീരുമാനം എൽഡിഎഫ് നേതൃത്വം സ്വീകരിക്കുമെന്ന് തോമസ് കെ തോമസ്
പാലാ സീറ്റ് സംബന്ധിച്ച് ഉചിതമായ തീരുമാനം എടുക്കാൻ പ്രാപ്‌തിയുള്ള നേതാക്കന്മാരാണ് എൽഡിഎഫിനുള്ളതെന്നും എൽഡിഎഫ് ആവശ്യമായ സമയത്ത് തീരുമാനമെടുക്കുമെന്നും എൻസിപി സംസ്ഥാന കമ്മിറ്റി അംഗം തോമസ് കെ തോമസ്
വാർത്തകൾക്ക് വേണ്ടിയാണ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എൻസിപി നേതാക്കളെ കോൺഗ്രസ് (എസ്)ലേക്ക് ക്ഷണിച്ചത്, അതിൽ ഒരു യുക്തിയുമില്ല. എൻസിപിയിൽ നിന്ന് മന്ത്രിയായ എ.കെ ശശീന്ദ്രനും സംസ്ഥാന പ്രസിഡന്‍റ് ടി.പി പീതാംബരൻ മാസ്റ്ററും 52 വർഷക്കാലമായി യുഡിഎഫ് കുത്തകയായിരുന്ന പാലാ പിടിച്ചെടുത്ത മാണി സി കാപ്പനും ശക്തമായി തന്നെ എൻസിപിയിൽ നിന്ന് എൽഡിഎഫിന് വേണ്ടി പ്രവർത്തിക്കും.
മറിച്ചുള്ള വാർത്തകൾ എല്ലാം അടിസ്ഥാനരഹിതവും മാധ്യമ സൃഷ്‌ടികളുമാണെന്നും ഇതുസംബന്ധിച്ച് ചിലരുടെ ഭാഗത്ത് നിന്നുണ്ടാവുന്ന ചർച്ചകൾ മാത്രമാണ് നടക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എൻസിപിയെ സംബന്ധിച്ചിടത്തോളം കുട്ടനാട്, ആലപ്പുഴ പോലുള്ള പ്രദേശങ്ങളുടെ വികസനമാണ് ഇപ്പോഴുള്ള പ്രശ്‌നം. അതുസംബന്ധിച്ച തീരുമാനങ്ങൾ പാർട്ടിക്കുള്ളിലും ജനങ്ങളിക്കിടയിലും ചർച്ച ചെയ്യുമെന്നും തോമസ് കെ തോമസ് പറഞ്ഞു.