കേരളം

kerala

'ടെക്‌ജെൻഷ്യ'; കേന്ദ്രത്തിന്‍റെ വീഡിയോ കോൺഫറൻസിന് കേരളത്തിന്‍റെ ആപ്പ്

ഇന്ത്യയിലെ ഏറ്റവും മികച്ച വീഡിയോ കോൺഫറൻസിങ് ആപ്പിനെ കണ്ടെത്തുന്നതിനായി കേന്ദ്രസർക്കാർ കൊവിഡ് കാലത്ത് പ്രഖ്യാപിച്ച ചലഞ്ചിലാണ് കേരളത്തിൽ നിന്നുള്ള ആപ്പ് ഒന്നാം സ്ഥാനം നേടിയത്.

By

Published : Aug 20, 2020, 9:05 PM IST

Published : Aug 20, 2020, 9:05 PM IST

ടെക്‌ജെൻഷ്യ ആപ്പ്  വീഡിയോ കോൺഫറൻസ്  വീഡിയോ കോൺഫറൻസ് ഇന്നൊവേഷൻ ചലഞ്ച്  tec genia app  video conferencing app
ടെക്‌ജെൻഷ്യ

ആലപ്പുഴ: കേന്ദ്ര സർക്കാരിന്‍റെ വീഡിയോ കോൺഫറൻസ് ഇന്നൊവേഷൻ ചലഞ്ചിൽ ഒന്നാം സ്ഥാനം നേടിയത് ചേർത്തല ഇൻഫോപാർക്കിലെ ടെക്‌ജെൻഷ്യ വികസിപ്പിച്ച വീ-കൺസോൾ. ആലപ്പുഴ സ്വദേശി ജോയി സെബാസ്റ്റ്യന്‍റെ ഉടമസ്ഥതയിലുള്ള സ്റ്റാർട്ടപ്പാണ് ടെക്‌ജെൻഷ്യ. രണ്ടായിരത്തോളം കമ്പനികളിൽ നിന്ന് മൂന്ന് ഘട്ടമായി നടത്തിയ തെരഞ്ഞെടുപ്പിലാണ് വീ-കൺസോൾ വിജയം കൈവരിച്ചത്. മൂന്നു വർഷത്തേക്ക് കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ വീഡിയോ കോൺഫറൻസിങ് ഉപകരണങ്ങൾക്കുള്ള കരാറും ഒരു കോടി രൂപയുമാണ് സമ്മാനം. വ്യാഴാഴ്‌ച വൈകിട്ട് കേന്ദ്ര ഇലക്ട്രോണിക്, ഐടി വകുപ്പു മന്ത്രി രവിശങ്കർ പ്രസാദ് ഓൺലൈൻ ലൈവിലൂടെയാണ് വിജയികളെ പ്രഖ്യാപിച്ചത്.

ആദ്യഘട്ടമായി 12 കമ്പനികളെ ഷോർട് ലിസ്റ്റ് ചെയ്യുകയും അവർക്ക് പ്രോട്ടോടൈപ്പ് വികസിപ്പിക്കാനായി അഞ്ചു ലക്ഷം രൂപ വീതം നൽകുകയും ചെയ്തു. അവർ സമർപ്പിച്ച പ്രോട്ടോടൈപ്പുകൾ വിലയിരുത്തി മൂന്നു കമ്പനികളെ അവസാനഘട്ടത്തിലേക്ക് തെരഞ്ഞെടുക്കുകയും അന്തിമ ഉൽപന്നം വികസിപ്പിച്ചെടുക്കാനായി 20 ലക്ഷം രൂപ വീതം മൂന്നു കമ്പനികൾക്കും നൽകുകയും ചെയ്തു. ഇത്തരത്തിൽ വികസിപ്പിച്ച ഉൽപന്നങ്ങൾ പരിശോധിച്ചാണ് വിദഗ്‌ധരടങ്ങിയ ജൂറി ടെക്‌ജെൻഷ്യയെ തെരഞ്ഞെടുത്തത്.

വർഷങ്ങളായി വീഡിയോ കോൺഫറൻസിങുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നയാളാണ് എം.സി.എ ബിരുദധാരിയായ ജോയി സെബാസ്റ്റ്യൻ. 2000ൽ അവനീർ എന്ന കമ്പനിയിൽ വെബ് ഓഡിയോ കോൺഫറൻസിങിൽ തുടക്കം. അവനീറിന്‍റെ ഉടമയായ ജെയിംസിന് വേണ്ടി വീഡിയോ കോൺഫറൻസിങ് റിസർച്ച് ആൻഡ് ഡെലവലപ്‌മെന്‍റ് ചെയ്താണ് 2009ൽ ടെക്‌ജെൻഷ്യ ആരംഭിച്ചത്. പിന്നീട് യൂറോപ്പിലെയും യുഎസിലെയും ഏഷ്യയിലെയും പല കമ്പനികൾക്കും വേണ്ടി വീഡിയോ കോൺഫറൻസ് ഡൊമൈനിൽ ഗവേഷണ വികസന പ്രവർത്തനങ്ങൾ ടെക്‌ജെൻഷ്യ ഏറ്റെടുത്തിരുന്നു. അപ്പോഴൊന്നും സ്വന്തമായി ഒരു ഉൽപന്നത്തെപ്പറ്റി ആലോചിച്ചിരുന്നില്ലെന്ന് ജോയി പറയുന്നു. കേന്ദ്രസർക്കാരിന്‍റെ ഇന്നൊവേഷൻ ചലഞ്ചിനെ തുടർന്നാണ് ടെക്‌ജെൻഷ്യ ആദ്യമായി സ്വന്തമായി ഒരു ഉൽപന്നം തയ്യാറാക്കുന്നത്. അത് ഇന്ത്യയിൽ ഒന്നാമതെത്തുകയും ചെയ്തു.

സുഹൃത്തുക്കളും ഐടി രംഗത്തെ വിദഗ്‌ധരും ഉൾപ്പെടെ ഒട്ടേറെ ആളുകളെ പങ്കെടുപ്പിച്ച് പലതവണ പരീക്ഷണങ്ങൾ നടത്തിയാണ് ജോയി വീ-കൺസോളിന് അന്തിമരൂപം നൽകിയത്. ആലപ്പുഴ മണ്ഡലവുമായി ബന്ധപ്പെട്ട എല്ലാ പ്രാദേശിക വികസന പരീക്ഷണങ്ങളുടെയും സാങ്കേതിക പിന്തുണ നല്‍കിവരുന്നത് ടെക്ജെന്‍ഷ്യ ആണ്. പൂർണമായും സന്നദ്ധപ്രവര്‍ത്തനം എന്ന നിലയിലാണ് ജോയ് ഇത്തരം സേവന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.

ABOUT THE AUTHOR

...view details