ആലപ്പുഴ: മാന്നാർ കടപ്രമഠം ജങ്‌ഷനില്‍ വഴിയോരത്ത് പ്രവര്‍ത്തിക്കുന്ന മത്സ്യക്കട പുതുവത്സര ദിനത്തില്‍ തീയിട്ട് നശിപ്പിച്ചതായി പരാതി. മാന്നാർ പാവുക്കര സുനി ഭവനത്തിൽ ജെയിംസിന്‍റെ മത്സ്യക്കടയാണ് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്. വെള്ളിയാഴ്‌ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മീൻ കൊണ്ടുവരാന്‍ പോയ വാഹനത്തിന്‍റെ ഡ്രൈവറാണ് തീ കത്തുന്നത് കണ്ടത്. ഉടൻ തന്നെ അടുത്ത വീട്ടിലെ ആളുകളെ വിളിച്ചുണർത്തി വെള്ളമൊഴിച്ച് തീ കെടുത്തി.
വഴിയോര മത്സ്യക്കട സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചതായി പരാതി - fish store alappuzha
മാന്നാർ പാവുക്കര സുനി ഭവനത്തിൽ ജെയിംസിന്‍റെ മത്സ്യക്കടയാണ് സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചത്
ഐസിട്ട് സൂക്ഷിച്ചിരുന്ന ബോക്‌സും അതിനുള്ളിലുണ്ടായിരുന്ന മീനും കത്തി നശിച്ചു. കൂടാതെ വിൽപനക്കായി ജീവനോടെ അലുമിനിയം പാത്രത്തിൽ സൂക്ഷിച്ചിരുന്ന പുഴ മത്സ്യങ്ങളും നഷ്ടപ്പെട്ടു. സാമൂഹ്യ വിരുദ്ധരാണ് കട കത്തിച്ചതെന്ന് കട ഉടമയായ ജെയിംസ് ആരോപിച്ചു. മുപ്പതിനായിരത്തോളം രൂപയുടെ നഷ്ടമുണ്ടായതായും ഇതിന് മുൻപ് കടയില്‍ നിന്നും മീൻ മോഷണം പോകുന്നത് പതിവായിരുന്നെന്നും ജെയിംസ് പറഞ്ഞു. മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് രത്നാകുമാരി, പഞ്ചായത്തംഗങ്ങൾ എന്നിവർ സ്ഥലം സന്ദർശിച്ചു. കടയുടമയുടെ പരാതിയിൽ മാന്നാർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്.