ആലപ്പുഴ: ആലപ്പുഴ നഗരസഭാ തെരഞ്ഞെടുപ്പില്‍ നഗരസഭാ ഭരണം യുഡിഎഫ് നിലനിർത്തി. പുതിയ നഗരസഭ അധ്യക്ഷനായി ഡിസിസി അംഗം ഇല്ലിക്കൽ കുഞ്ഞുമോനെ തെരഞ്ഞെടുത്തു. 52 അംഗങ്ങളുള്ള ആലപ്പുഴ നഗരസഭയിൽ 28 പേരുടെ പിന്തുണ നേടിയാണ് കുഞ്ഞുമോൻ നഗരസഭ അധ്യക്ഷനായത്. കോൺഗ്രസിലെ തോമസ് ജോസഫ് പാർട്ടി നിർദേശത്തെത്തുടർന്ന് രാജിവച്ച ഒഴിവിലേക്കു നടന്ന തെരഞ്ഞെടുപ്പിലാണ് കുഞ്ഞുമോൻ വിജയിച്ചത്.
ആലപ്പുഴ നഗരസഭ യുഡിഎഫ് നിലനിർത്തി - alappuzha latest news
പുതിയ നഗരസഭ അധ്യക്ഷനായി ഡിസിസി അംഗം ഇല്ലിക്കൽ കുഞ്ഞുമോനെ തെരഞ്ഞെടുത്തു
കോൺഗ്രസിൽ നിന്നു രാജിവച്ച് സ്വതന്ത്രനായി മത്സരിച്ചു വിജയിച്ച ബി.മെഹബൂബിനെതിരെയാണ് വിജയം. എൽഡിഎഫ് പിന്തുണയോടെയാണ് മെഹബൂബ് മത്സരിച്ചത്. ഇല്ലിക്കൽ കുഞ്ഞുമോന് അധ്യക്ഷപദവി നൽകുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ വ്യാപക പ്രതിഷേധമുണ്ടായിരുന്നു. ഇതിന്‍റെ ഭാഗമായി 10 കോണ്‍ഗ്രസ് കൗൺസിലർമാർ പാർട്ടി പ്രാഥമിക അംഗത്വം രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് ജില്ലാ കോൺഗ്രസ് കമ്മിറ്റി നടത്തിയ സമവായ ചർച്ചയുടെ ഫലമായാണ് പ്രശ്നം പരിഹരിച്ചത്.
രണ്ട് പിഡിപി അംഗങ്ങളും ഒരു സ്വതന്ത്ര അംഗവും കുഞ്ഞുമോനെ പിന്തുണച്ചു. ബിജെപി പ്രതിനിധികളായ നാല് അംഗങ്ങൾ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടു നിന്നു. വിജയത്തിനുശേഷം യുഡിഎഫ് പ്രവർത്തകർ ആലപ്പുഴ നഗരത്തില്‍ മധുരപലഹാരവിതരണം നടത്തി. വിജയം താൻ പ്രതീക്ഷിച്ചിരുന്നില്ലെന്ന് നഗരസഭാധ്യക്ഷൻ ഇല്ലിക്കൽ കുഞ്ഞുമോൻ പറഞ്ഞു. ബിജെപിയുമായി ചേർന്ന് സിപിഎം കുതിര കച്ചവടം നടത്തുമെന്ന് മനസിലാക്കിയതോടെ പ്രശ്നങ്ങൾ മറന്ന് യുഡിഎഫ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.