ആലപ്പുഴ: നിയമസഭയിലെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍റെ പ്രസ്‌താവനയ്‌ക്കെതിരെ എ.എം ആരിഫ് എംപി. പെട്രോൾ വിലവർധനയുമായി ബന്ധപ്പെട്ട ചർച്ചയ്‌ക്കിടെ പ്രതിപക്ഷ നേതാവ് തന്നെപ്പറ്റി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ വസ്‌തുതാവിരുദ്ധമായ പ്രസ്‌താവന നടത്തിയെന്നും പ്രസ്‌താവന പിൻവലിച്ച് മാപ്പുപറയണമെന്നും എ.എം ആരിഫ് എംപി പുറത്തിറക്കിയ പ്രസ്‌താവനയിൽ പറയുന്നു.
കഴിഞ്ഞ പാർലമെന്‍റ് സമ്മേളന കാലത്ത് ഓഗസ്റ്റ് 5ന് പെട്രോളിയം ഉത്പന്നങ്ങളുടെ വിലവർധനവിൽ പ്രതിഷേധിച്ച് പ്രതിപക്ഷ പാർട്ടി എംപിമാർ സംയുക്തമായി നടത്തിയ സൈക്കിൾ ചവിട്ടൽ സമരത്തിൽ എ.എം ആരിഫ് എംപി പങ്കെടുത്തിരുന്നില്ല എന്നായിരുന്നു നിയമസഭയിലെ വി.ഡി സതീശന്‍റെ ആരോപണം. താൻ സൈക്കിൾ ചവിട്ടിയ വീഡിയോയും ലോക്‌സഭയിലെ കോൺഗ്രസ് നേതാവ് അധീർ രഞ്ജൻ ചൗധരിയിക്കൊപ്പം സമരത്തിൽ പങ്കെടുത്ത ഫോട്ടോയും നവമാധ്യമങ്ങളിൽ ഉൾപ്പെടെ പങ്കുവച്ചിട്ടുണ്ടെന്ന് എംപി പറഞ്ഞു.