ആലപ്പുഴ: ചേർത്തലയിലെ ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി ഇല്ലെന്ന് ആലപ്പുഴ ജില്ലാ കലക്‌ടർ ഡോ. അദീല അബ്‌ദുള്ള. ക്യാമ്പിലെ ഉദ്യോഗസ്ഥര്‍ക്കും പിരിവ് നടത്തിയ ഓമനക്കുട്ടനും തെറ്റ് സംഭവിച്ചുവെന്നും അത് ക്ഷമിക്കാവുന്ന തെറ്റാണെന്നും കലക്ടർ പറഞ്ഞു. എന്തിന്‍റെ പേരിലാണെങ്കിലും ഓമനക്കുട്ടൻ പണം പിരിക്കാൻ പാടില്ലായിരുന്നു. എന്നാൽ നല്ല ഉദ്ദേശത്തോടെയാണ് ഓമനക്കുട്ടൻ അത് ചെയ്തത്. ക്യാമ്പിലെത്തി ഓമനക്കുട്ടനോടും കലക്‌ടർ സംസാരിച്ചു.
ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്: ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഇല്ലെന്ന് ജില്ലാ കലക്‌ടർ - ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്
ക്യാമ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് മന്ത്രി ജി സുധാകരൻ ഇന്നലെ പ്രതികരിച്ചത്.
![ദുരിതാശ്വാസ ക്യാമ്പിലെ പണപ്പിരിവ്: ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഇല്ലെന്ന് ജില്ലാ കലക്‌ടർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4172015-thumbnail-3x2-alp.jpg)
എന്നാൽ ക്യാമ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് എതിരെ നടപടി ഉണ്ടാകുമെന്നാണ് ജില്ലയുടെ ചുമതലയുള്ള പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരനും റവന്യൂ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വേണുവും കഴിഞ്ഞ ദിവസം പറഞ്ഞത്. ഇതിന് നേർ വിപരീതമായാണ് കലക്‌ടർ പ്രതികരിച്ചിരിക്കുന്നത്. എല്ലാ സൗകര്യങ്ങളുമുള്ള ചേർത്തല താലൂക്കിലെ ക്യാമ്പാണ് ചേർത്തല തെക്ക് പഞ്ചായത്തിലെ അംബേദ്‌കർ ഗ്രാമത്തിൽ പ്രവർത്തിക്കുന്നതെന്ന് കലക്ടര്‍ പറഞ്ഞു. ഓമനക്കുട്ടൻ പണം പിരിച്ച സമയത്ത് ഉദ്യോഗസ്ഥർ അവിടെ ഇല്ലായിരുന്നു. മറ്റ് തിരക്കുകൾ ഉള്ളത് കൊണ്ടാണ് ഉദ്യോഗസ്ഥര്‍ അവിടെ ഇല്ലാതിരുന്നത് എന്ന് തനിക്ക് ബോധ്യമായിട്ടുണ്ട്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് ഏകോപനത്തിലും ക്യാമ്പ് നടത്തിപ്പിലും നേതൃപരമായ പിഴവ് സംഭവിച്ചിട്ടുണ്ട്. എന്നാൽ ഇത് മറ്റ് അനേകം ക്യാമ്പുകളുടെ പ്രവർത്തനം കൂടി ശ്രദ്ധിക്കേണ്ടത് ഉള്ളതിനാലാണെന്നും കലക്‌ടർ ചൂണ്ടിക്കാട്ടി. കുറുപ്പൻകുളങ്ങരയിലെ ക്യാമ്പ് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു കലക്‌ടർ.