ആലപ്പുഴ: കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നതിനാൽ തോട്ടപ്പള്ളി സ്പിൽവേ പൊഴി പൂർണമായും മുറിച്ചു. കലക്ടറുടെ നിർദേശാനുസരണം ജലവിഭവ വകുപ്പ് തിങ്കളാഴ്ച പുലർച്ചെയാണ് യന്ത്ര സഹായത്താല്‍ പൊഴി മുറിച്ചത്. രാവിലെ അഞ്ച് മുതൽ വെള്ളം കടലിലേക്ക് ഒഴുക്കിത്തുടങ്ങി. വേലിയിറക്ക സമയത്താണ് പൊഴി പൂർണമായി മുറിച്ചുവിട്ടത്. പൊഴിമുഖം കടലിന് സമീപത്തേക്ക് നീക്കുന്ന ജോലികൾ ഇതിനുമുമ്പേ പൂർത്തീകരിച്ചിരുന്നു. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെ പി ഹരൻബാബു ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ മേൽനോട്ടം വഹിച്ചു. രാവിലെ കലക്ടർ അദീല അബ്ദുല്ലയും സ്ഥലം സന്ദർശിച്ച് സ്ഥിതി വിലയിരുത്തി. തോട്ടപ്പള്ളി പാലത്തിലെ ഷട്ടറുകളുടെ തകരാറുകൾ പരിഹരിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിന് പരിഹാരിക്കാമെന്ന് ഉറപ്പും കലക്ടര്‍ നൽകി. 25 മീറ്റർ വീതിയിലാണ് പൊഴിമുറിച്ചതെങ്കിലും ഒഴുക്ക് ശക്തമായതുമൂലം വൈകുന്നേരത്തോടെ ഇതിന്‍റെ വീതി നാൽപ്പത് മീറ്ററിലേറെയായി.
കുട്ടനാട്ടിലെ ജലനിരപ്പ് ഉയരുന്നു; തോട്ടപ്പള്ളി പൊഴി മുറിച്ചു, സ്ഥലം കലക്ടർ സന്ദർശിച്ചു
25 മീറ്റർ വീതിയിലാണ് പൊഴിമുറിച്ചതെങ്കിലും ഒഴുക്ക് ശക്തമായതിനാല്‍ വൈകുന്നേരത്തോടെ ഇതിന്‍റെ വീതി നാൽപ്പത് മീറ്ററിലേറെയായി
കടലിൽനിന്ന് മണൽവന്നടിഞ്ഞ് പൊഴി അടയാതിരിക്കാൻ രണ്ട് മണ്ണുമാന്തിയന്ത്രങ്ങൾ ഉപയോഗിച്ച് പൊഴിമുഖത്തെ മണ്ണുനീക്കം ചെയ്യുന്നുണ്ട്. ഞായറാഴ്ച രാവിലെ മുതൽ ഒഴുക്കുചാൽ വിപുലപ്പെടുത്തി തുടങ്ങിയിരുന്നു. ഞായറാഴ്ച സ്പിൽവേയിൽ നിശ്ചിത അളവിൽ താഴെയായിരുന്നു ജലനിരപ്പ്. സ്പിൽവേയിലെ പിയർ ലെവലിന് മുകളിൽ വെള്ളമെത്തുമ്പോഴാണ് പൊഴിമുറിക്കുന്നത്. ഞായറാഴ്ച വൈകീട്ടു മുതൽ മഴ നിർത്താതെ പെയ്തതുമൂലം തിങ്കളാഴ്ച പുലർച്ചേ മൂന്നുമണിയോടെ ജലനിരപ്പ് പിയർ ലെവലിന് മുകളിലെത്തി. ഇതോടെ പൊഴിമുറിക്കൽ ആരംഭിക്കുകയായിരുന്നു. നേരത്തേതന്നെ പൊഴിമുഖത്ത് ഒഴുക്കുചാൽ രൂപപ്പെടുത്തിയതിനാൽ രണ്ടര മണിക്കൂർ കൊണ്ട് പൊഴി മുറിച്ചുവിടാനായി.
കുട്ടനാടൻ, അപ്പർ കുട്ടനാടൻ, കരിനില കാർഷികമേഖലകളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാനാണ് തോട്ടപ്പള്ളി പൊഴി മുറിച്ച് കടലിലേക്ക് പ്രളയജലം ഒഴുക്കുന്നത്. കാലവർഷമെത്തുമ്പോൾ എളുപ്പത്തിൽ പൊഴി മുറിച്ചുവിടാനാണ് ഒഴുക്കുചാൽ രൂപപ്പെടുത്തുന്നത്. എന്നാൽ കാലവർഷം വൈകിയത് മൂലം പൊഴിമുഖത്ത് വീണ്ടും കടലിൽനിന്ന് മണൽ വന്നടിഞ്ഞു. സ്പിൽവേ ഷട്ടറുകളും അറ്റകുറ്റപ്പണി നടത്തി ജൂണിൽ തുറന്നുവച്ചിരിക്കുകയാണ്. നീരൊഴുക്ക് കുറഞ്ഞ് കടലിൽനിന്ന് ഉപ്പുവെള്ളം കയറുന്ന സാഹചര്യമുണ്ടായാൽ ഷട്ടറുകൾ ഉടൻ അടക്കേണ്ടി വരും.