ആലപ്പുഴ: വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍ ഒരു കുടക്കീഴില്‍ ക്രമീകരിച്ചുള്ള ആലപ്പുഴ നഗരസഭയുടെ പുതിയ ശതാബ്ദി മന്ദിരം പൊതുമരാമത്തു രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിനു സമര്‍പ്പിച്ചു. നഗരം 100 വര്‍ഷം പിന്നിട്ടതിന്‍റെ സമാരംഭവും ചടങ്ങില്‍ നടന്നു. ആലപ്പുഴ ചരിത്രത്തില്‍ ഇടം നേടിയ രാജ്യത്തെ തന്നെ മികച്ച നഗരമാണെന്നും നഗരസഭാ കെട്ടിടം, കനാല്‍ നവീകരണം, റോഡ് വികസനം, സേവന പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ നഗരം മികച്ചതായി മാറിയെന്നും മന്ത്രി പറഞ്ഞു
ആലപ്പുഴ നഗരസഭയുടെ ശതാബ്ദി മന്ദിരം നാടിനു സമര്‍പ്പിച്ചു - ആലപ്പുഴ നഗരസഭ ശതാബ്ദി മന്ദിരം
ജനസേവന കേന്ദ്രത്തിന്‍റെയും കൗണ്‍സില്‍ ഹാളിന്‍റെയും ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപിയും അമൃത് ജലസംഭരണിയുടെ ഉദ്ഘാടനം എ.എം ആരിഫ് എംപിയും നിര്‍വഹിച്ചു.
10 കോടി രൂപ ചെലവിലാണ് പുതിയ കെട്ടിടം നിര്‍മിച്ചത്. 45000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള അഞ്ചു നില കെട്ടിടത്തില്‍ എല്ലാ നിലയിലും പൊതുജനങ്ങള്‍ക്കുള്ള വിശ്രമ സ്ഥലം, ശുചിമുറി, അംഗപരിമിതര്‍ക്കും സ്ത്രീകള്‍ക്കും പ്രത്യേക ഇരിപ്പിടം, എ.സി മിനി കോണ്‍ഫറന്‍സ് ഹാള്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. താഴത്തെ നിലയില്‍ ജനസേവന കേന്ദ്രത്തിനു മുന്‍പില്‍ 40 പേര്‍ക്കുള്ള ഇരിപ്പടവുമുണ്ട്. ആരോഗ്യം, പെന്‍ഷന്‍ എന്നീ വിഭാഗങ്ങള്‍ക്കും പ്രത്യേകം സൗകര്യങ്ങള്‍ കെട്ടിടത്തില്‍ സജ്ജമാക്കിയിട്ടുണ്ട്. കെട്ടിടത്തിന്‍റെ നാലാം നിലയില്‍ 125 പേര്‍ക്ക് പങ്കെടുക്കാൻ പറ്റുന്ന തരത്തില്‍ കൗണ്‍സില്‍ കോണ്‍ഫറന്‍സ് ഹാളും സജ്ജീകരിച്ചിട്ടുണ്ട്
നഗരസഭ ചെയര്‍മാന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മുന്‍ നഗരസഭ ചെയര്‍മാൻമാരെ മന്ത്രി ജി സുധാകരന്‍ ആദരിച്ചു. ജനസേവന കേന്ദ്രത്തിന്‍റെയും കൗണ്‍സില്‍ ഹാളിന്‍റെയും ഉദ്ഘാടനം കെ.സി. വേണുഗോപാല്‍ എംപി ഓണ്‍ലൈനായി നിര്‍വഹിച്ചു. അമൃത് ജലസംഭരണിയുടെ ഉദ്ഘാടനം എ.എം ആരിഫ് എംപി നിര്‍വഹിച്ചു. നഗരസഭ സെക്രട്ടറി കെ.കെ മനോജ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വൈസ് ചെയര്‍പേഴ്‌സണ്‍ സി.ജ്യോതിമോള്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായി.