ആലപ്പുഴ: നഗരസഭാ അധ്യക്ഷ സ്ഥാനത്തെ ചൊല്ലി സിപിഎമ്മിൽ കലാപക്കൊടി ഉയർന്ന ആലപ്പുഴയിൽ അധ്യക്ഷ പദവി പങ്കുവെക്കാന്‍ ധാരണയായി. നിലവിലെ നഗരസഭാ അധ്യക്ഷ സൗമ്യ രാജിനും മുതിർന്ന അംഗങ്ങളിൽ ഒരാളായ കെ കെ ജയമ്മക്കുമായി രണ്ടര വർഷം വീതം പകുത്തു നൽകാനാണ് ധാരണയായത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ ഇന്ന് ചേർന്ന ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം ഉണ്ടായത്.
ആലപ്പുഴ നഗരസഭാ അധ്യക്ഷ പദവി രണ്ടരവർഷക്കാലം പങ്കുവെയ്ക്കാൻ ധാരണ - സൗമ്യ രാജ്
ആലപ്പുഴയില്‍ നഗരസഭാ അധ്യക്ഷപദവി പങ്ക് വെച്ച് നല്‍കാന്‍ ധാരണ. സൗമ്യ രാജിനും കെ കെ ജയമ്മക്കും രണ്ടരവര്‍ഷം വീതം അധികാരം നല്‍കാനാണ് സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചത്
ജില്ലയിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് ഇത്തരമൊരു തീരുമാനമെന്ന് ജില്ലാ സെക്രട്ടറി ആർ നാസർ യോഗത്തില്‍ അറിയിച്ചു. ജില്ലാ സെക്രട്ടേറിയറ്റിന്‍റെ തീരുമാനം സിപിഎം സംസ്ഥാന കമ്മറ്റിയെ അറിയിച്ച് അനുവാദം തേടും. ഇതിന് ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക. സാധാരണ കീഴ്‌വഴക്കം അല്ലാത്തതിനാലാണ് ഇത്തരത്തിൽ സംസ്ഥാന കമ്മിറ്റിയുടെ അനുവാദം തേടുന്നത്.
കഴിഞ്ഞ ദിവസം ചേർന്ന എൽഡിഎഫ് നഗരസഭാ പാർലമെന്‍ററി പാർട്ടി യോഗത്തിലും ഇത്തരമൊരു കരാർ എഴുതി തയ്യാറാക്കിയിരുന്നു. കെ കെ ജയമ്മയെ പരിഗണിക്കാത്തതിലുള്ള പ്രവർത്തകരുടെ വ്യാപക പ്രതിഷേധത്തെ തുടർന്നാണ് ഇത്തരത്തിലൊരു നടപടിയെടുക്കാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിനെ പ്രേരിപ്പിച്ചത്.