ആലപ്പുഴ: ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ വണ്ടാനം മെഡിക്കൽ കോളജിൽ സന്ദർശകർക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തി. രണ്ട് ഡോസ് വാക്‌സിൻ എടുത്തവരോ ആർ.ടി.പി.സി.ആർ നെഗറ്റീവ് ആയവരെയോ മാത്രമേ ആശുപത്രിയിൽ സന്ദർശനത്തിന് അനുവദിക്കൂവെന്ന് മെഡിക്കൽ കോളജ് സൂപ്രണ്ട് ഡോ. ആർ രാംലാൽ അറിയിച്ചു.
മെഡിക്കൽ കോളജിൽ സന്ദർശകർക്ക് ആർടിപിസിആർ നിർബന്ധം - medical college
രണ്ട് ഡോസ് വാക്‌സിൻ എടുത്തവരോ ആർ.ടി.പി.സി.ആർ നെഗറ്റീവ് ആയവരെയോ മാത്രമേ ആശുപത്രിയിൽ സന്ദർശനത്തിന് അനുവദിക്കൂ.
രോഗിയുടെ കൂടെ ഒരു കൂട്ടിരിപ്പുകാരനെ മാത്രമേ അനുവദിക്കുകയുള്ളൂ. ഒ.പി സമയം രാവിലെ എട്ട് മണി മുതൽ 11മണി വരെയായി ക്രമീകരിച്ചു. മാസ്‌ക്, സാനിറ്റൈസർ എന്നിവയുടെ ഉപയോഗവും സാമൂഹിക അകലം എന്നിവ കർശനമായി പാലിക്കേണ്ടതാണ്. തുടർച്ചയായി മരുന്ന് കഴിക്കുന്നവർക്ക് ഡോക്ടർമാരുടെ ചീട്ട് പ്രകാരം പരമാവധി രണ്ട് മാസത്തേക്കുള്ള മരുന്ന്, ലഭ്യത അനുസരിച്ച് ഫാർമസിയിൽ നിന്ന് നൽകും. ഇതിന് കൃത്യമായ കുറിപ്പടി സഹിതം ബന്ധുക്കൾ വന്നാൽ മരുന്ന് ലഭ്യമാക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിട്ടുണ്ട്.
ഒ.പികളിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം, ചെറിയ അസുഖങ്ങൾക്ക് പ്രാദേശിക സർക്കാർ സ്ഥാപനങ്ങളിൽ ചികിത്സ തേടണം, മെഡിക്കൽ കോളജ് ആശുപ്രതിയിൽ വളരെ അത്യാവശ്യം ഉണ്ടെങ്കിൽ മാത്രം വരിക എന്നിങ്ങനെയാണ് മെഡിക്കൽ കോളജ് സൂപ്രണ്ടിന്‍റെ നിർദേശം. രോഗികളുടെ അടുത്ത് പെരുമാറുന്നതും അവരെ സ്‌പർശിക്കുന്നതും കഴിയുന്നതും ഒഴിവാക്കണമെന്നും മെഡിക്കൽ കോളജ് സൂപ്രണ്ട് നിർദേശിച്ചു.