ആലപ്പുഴ :പാചകവാതക വിലവര്‍ധന ആലപ്പുഴയിലെ ആറാട്ടുവഴി സ്വദേശി രത്‌നമ്മയ്ക്ക് പ്രശ്‌നമേയല്ല. കഴിഞ്ഞ ഒമ്പത് വർഷമായി രത്‌നമ്മയ്ക്കും കുടുംബത്തിനും പാചകവാതകം ലഭിക്കുന്നത് വീട്ടിലെ കുഴൽക്കിണറിൽ നിന്നാണ്.
പ്രദേശത്ത് കുടിവെള്ള ക്ഷാമവും ശുദ്ധജല ലഭ്യതക്കുറവും രൂക്ഷമായതോടെയാണ് കുഴല്‍ക്കിണറിന് പകരം പുതിയൊരെണ്ണം കുഴിക്കാൻ വീട്ടുകാർ തീരുമാനിച്ചത്. 16 മീറ്ററോളം താഴ്ത്തിയിട്ടും വെള്ളത്തിന്റെ കാര്യത്തിൽ നിരാശയായിരുന്നു ഫലം.
രത്‌നമ്മയ്ക്ക് വിലവർധന പ്രശ്‌നമേയല്ല,ആവശ്യത്തിന് പാചകവാതകം കുഴൽക്കിണറിലുണ്ട് തുടർന്ന് വാവട്ടം വികസിപ്പിക്കാന്‍ പുതിയ കുഴല്‍ക്കിണറിന്‍റെ പൈപ്പിന് സമീപത്തുനിന്ന് തീപ്പെട്ടി ഉരച്ചു. പൊടുന്നനെ ഒരു ശബ്ദത്തോടെ തീജ്വാലയുണ്ടായി. പരിഭ്രാന്തരായ വീട്ടുകാർ, പുറത്തറിഞ്ഞാൽ പൊല്ലാപ്പാവുമെന്ന് കരുതി സംഭവം രഹസ്യമാക്കിവച്ചു. പെട്ടന്നുള്ള പ്രതിഭാസമാണെന്ന് കരുതി രണ്ടുദിവസം കഴിഞ്ഞ് പണി ചെയ്യിക്കാമെന്ന് പറഞ്ഞ് രത്നമ്മ പണിക്കാരെയും തിരിച്ചയച്ചു.
എന്നാൽ ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും വാതകം കിട്ടുന്നുണ്ടെന്ന് മനസിലായപ്പോൾ ഇക്കാര്യം അയൽവാസികളെ അറിയിച്ചു. അവരും വന്ന് ഇക്കാര്യം പരിശോധിച്ച് ഉറപ്പാക്കി. കുഴൽക്കിണറിൽ നിന്നുള്ള പൈപ്പിന് സമീപം തീപ്പെട്ടി ഉരച്ചപ്പോൾ ഗന്ധമില്ലാത്ത ഈ വാതകത്തില്‍ നിന്നും വീണ്ടും ചുവന്ന ജ്വാല തെളിഞ്ഞു.
ALSO READ:കാലാവസ്ഥ വ്യതിയാനം മത്സ്യസമ്പത്തിനെ ബാധിക്കുമെന്ന് അന്താരാഷ്ട്ര പഠനം
ജ്വലനശേഷിയുള്ള ഭൂഗര്‍ഭ വാതകം വരുന്നുവെന്നറിഞ്ഞതോടെ ജിയോളജി ഉദ്യോഗസ്ഥരും പെട്രോളിയം കമ്പനികളും എത്തി പരിശോധന വാതകം ശേഖരിച്ച് മടങ്ങി. ഒരാഴ്ചയ്ക്ക് ശേഷം വാതകം മീഥെയ്ന്‍ ആണെന്നും പേടിക്കേണ്ടെന്നും അവർ അറിയിച്ചു. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പ്രതിഭാസം മാത്രമാണിതെന്നായിരുന്നു വിദഗ്ധരുടെ വിലയിരുത്തല്‍. എന്നാൽ കഴിഞ്ഞ ഒമ്പത് വര്‍ഷമായി കുഴല്‍ കിണറില്‍ നിന്നും സുലഭമായി പാചകവാതകം ലഭിയ്ക്കുന്നുണ്ടെന്ന് രത്നമ്മ സാക്ഷ്യപ്പെടുത്തുന്നു.
വീട്ടാവശ്യത്തിന് ഉപയോഗിക്കാമെന്നറിഞ്ഞതോടെ നാട്ടിലെ പ്ലമ്പര്‍ റെജിയുടെ സഹായത്തോടെ പൈപ്പിട്ട് വീട്ടിലെ സ്റ്റൗവുമായി ബന്ധിപ്പിച്ച് ഉപയോഗിക്കാൻ തുടങ്ങി. പൊട്ടിത്തെറിയോ മറ്റോ ഉണ്ടാവുമെന്ന ആശങ്ക ആദ്യമൊക്കെയുണ്ടായിരുന്നു. മഴ പെയ്ത് വീടിനുചുറ്റും വെള്ളക്കെട്ടാകുമ്പോള്‍ മാത്രമാണ് വാതക ലഭ്യത കുറയുന്നത്. ഇടയ്ക്ക് പേടി തോന്നാറുണ്ടെങ്കിലും വീട്ടാവശ്യത്തിനെല്ലാം ഈ വാതകമാണ് ഉപയോഗിക്കുന്നതെന്ന് മകൾ വർഷയും പറയുന്നു.
ചെന്നൈയിൽ നിന്നും മറ്റും പഠനത്തിന് ഗവേഷണ വിദ്യാർഥികൾ വന്ന് വിവരങ്ങളും വാതകത്തിന്‍റെ സാമ്പിളും ശേഖരിച്ച് മടങ്ങിയിട്ടുണ്ട്. ഏതായാലും പാചകവാതക വിലവര്‍ധന രത്‌നമ്മയെ തീരെ ബാധിക്കുന്നില്ല. ഇപ്പോള്‍ പാചകവാതക കണക്ഷന്‍ റദ്ദാകാതിരിക്കാന്‍ മാത്രമാണ് സിലിണ്ടര്‍ വാങ്ങുന്നത്.