ആലപ്പുഴ : പല മേഖലകളിലും ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആലപ്പുഴ ജില്ലയില്‍ ദുരന്തനിവാരണ മുന്നൊരുക്കങ്ങള്‍ ശക്തമാക്കി. കക്കി ഡാമിന്‍റെ ഷട്ടറുകള്‍ തുറക്കാന്‍ സാധ്യതയുള്ളതിനാല്‍ ചെങ്ങന്നൂര്‍, മാവേലിക്കര, കാര്‍ത്തികപ്പള്ളി, കുട്ടനാട് താലൂക്ക് പ്രദേശങ്ങളിലെ നദികളുടെയും കൈവഴികളുടെയും കരകളില്‍ താമസിക്കുന്നവര്‍ സുരക്ഷിത സ്ഥലങ്ങളിലേക്കോ ദുരിതാശ്വാസ ക്യാമ്പുകളിലേക്കോ മാറണമെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
ലോവർ കുട്ടനാട്ടിലും അപ്പർ കുട്ടനാട്ടിലും ചെങ്ങന്നൂരിന്‍റെ വിവിധ പ്രദേശങ്ങളിലും രാത്രിയിലും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. വെള്ളംകയറുന്ന പ്രദേശത്തെ ആളുകളെ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റുന്നുണ്ട്. കുട്ടനാട്ടിലും ചെങ്ങന്നൂരിലും രക്ഷാപ്രവർത്തനം നടത്തുന്നതിനായി അഞ്ച് വീതം മത്സ്യബന്ധന ബോട്ടുകളും കുട്ടനാട്ടിൽ ജലഗതാഗത വകുപ്പിന്‍റെ 17 ബോട്ടുകളും സജ്ജമാക്കി.