ആലപ്പുഴ: ഡിസിസി ജനറൽ സെക്രട്ടറിയും കെപിഎംഎസ് സംസ്ഥാന അസിസ്റ്റന്‍റ് സെക്രട്ടറിയുമായ ബൈജു കലാശാല കോൺഗ്രസിൽ നിന്ന് രാജി വെച്ച് കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തില്‍ ചേർന്നു. സംസ്ഥാനത്ത് കോൺഗ്രസ് ബിജെപിയുമായി ചേർന്ന് വോട്ടു കച്ചവടം നടത്തിയെന്നാരോപിച്ചാണ് ബൈജുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ കോൺഗ്രസിൽ നിന്ന് രാജി വെച്ചത്. 2016-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥിയായി ബൈജു കലാശാല മത്സരിച്ചിരുന്നു. ബൈജു കലാശാലയ്‌ക്കൊപ്പം കോൺഗ്രസ് നൂറനാട് ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അഡ്വ കെ അശോക് കുമാറും മാവേലിക്കര, നൂറനാട് പ്രദേശത്തെ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്, കെഎസ്‌യു പ്രവർത്തകരും രാജി വെച്ച് കേരളാ കോൺഗ്രസ് (എം) ജോസ് വിഭാഗത്തിൽ ചേർന്നു.
ബൈജു കലാശാല കോൺഗ്രസ് വിട്ട് കേരള കോണ്‍ഗ്രസ് എമ്മില്‍ ചേര്‍ന്നു
കോൺഗ്രസ് ബിജെപിയുമായി ചേർന്ന് വോട്ടു കച്ചവടം നടത്തിയെന്നാരോപിച്ചാണ് ബൈജുവിന്‍റെ നേതൃത്വത്തിൽ ഒരു സംഘം പ്രവർത്തകർ കോൺഗ്രസിൽ നിന്ന് രാജി വെച്ചത്
മതേതര നിലപാട് സംരക്ഷിക്കുന്നതിൽ കോൺഗ്രസ് പരാജയപ്പെട്ടു. സ്വന്തം അണികളെ പോലും വഞ്ചിക്കുന്ന സമീപനമാണ് കോൺഗ്രസ് നേതൃത്വം സ്വീകരിക്കുന്നതെന്നും എല്ലാ അതിരുകളും ലംഘിച്ച് വെൽഫെയർ പാർട്ടി, ജമാഅത്തെ ഇസ്‌ലാമി തുടങ്ങിയ സംഘടനകളുമായി പോലും ധാരണയുണ്ടാക്കിയെന്നും അദ്ദേഹം ആരോപിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിൽ തോറ്റ് തുന്നംപാടിയിട്ടും രാഷ്ട്രീയമായ തിരുത്തലുകൾ വരുത്താതെ തമ്മിലടിക്കാനാണ് നേതാക്കൾ ശ്രമിക്കുന്നത്. ഇത്തരമൊരു സാഹചര്യത്തിൽ ശിഥിലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിൽ തുടരുന്നതിൽ അർഥമില്ലെന്ന് ബൈജു കലാശാല വ്യക്തമാക്കി.
കേരളാ കോൺഗ്രസ് (എം) ജോസ് കെ മാണിയുടെ നേതൃത്വത്തിൽ പുതിയൊരു രാഷ്ട്രീയം മുന്നോട്ടുവെയ്ക്കുകയാണ്. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ യുവനേതൃത്വം ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ നിലപാടിന്‍റെ ഭാഗമാവാൻ ഈ സാഹചര്യത്തിലാണ് തീരുമാനമെടുത്തതെന്നും ബൈജു കലാശാല കൂട്ടിച്ചേര്‍ത്തു.