ആലപ്പുഴ: നഗരസഭാ അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തർക്കത്തിൽ ആലപ്പുഴയിൽ സിപിഎം വിമതർ നടത്തിയ പ്രകടനം ചിലർ ബോധപൂർവ്വം ആസൂത്രണം ചെയ്‌തതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ. പ്രതിഷേധ പ്രകടനം സ്വാഭാവികമായി ഉയർന്നുവന്നതല്ല. ചിലർ ബോധപൂർവ്വം ആസൂത്രണം ചെയ്‌ത് നടപ്പാക്കിയതാണ്. ഇതിന് പിന്നിൽ പ്രവർത്തിച്ചവർ ആരാണെന്ന് കണ്ടെത്തുമെന്നും അവർക്കെതിരെ സംഘടനാ നടപടി സ്വീകരിക്കുമെന്നും ജില്ലാ സെക്രട്ടറി വ്യക്തമാക്കി.
പ്രതിഷേധങ്ങൾ ബോധപൂർവ്വം; നടപടിയുണ്ടാകുമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ
സിപിഎം വിമതർ നടത്തിയ പ്രകടനം ചിലർ ബോധപൂർവ്വം ആസൂത്രണം ചെയ്‌തതാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ പ്രതികരിച്ചു
അധ്യക്ഷ സ്ഥാനത്തെ സംബന്ധിച്ച തീരുമാനം പാർട്ടി ഐകകണ്ഠേനയെടുത്തതാണ്. ആ തീരുമാനത്തിനെതിരെ ഇത്തരത്തിൽ ബഹളമുണ്ടാക്കേണ്ട കാര്യമില്ലെന്നും ആർ നാസർ പ്രതികരിച്ചു. പല മാനദണ്ഡങ്ങളും നോക്കിയാണ് പാർട്ടി ഇത്തരം വിഷയങ്ങളിൽ തീരുമാനമെടുക്കുക. കൗൺസിലിനെ ഒത്തൊരുമയോടെ കൊണ്ടുപോകുവാൻ കഴിവുള്ളതും കാര്യപ്രാപ്തിയുള്ളതുമായ ആളാണ് പുതിയ ചെയർപേഴ്‌സൺ. ഇടത്തരം കുടുംബത്തിൽ നിന്നുള്ള ആളായ സൗമ്യ രാജ് നല്ലൊരു ഭരണാധികാരിയും വിദ്യാസമ്പന്നയുമാണ്. ഇത്തരം വിഷയങ്ങൾ എല്ലാം പാർട്ടിക്ക് ബോധ്യമുള്ളത് കൊണ്ടാണ് പാർട്ടി ഇത്തരത്തിൽ ഒരു തീരുമാനത്തിലേക്ക് എത്തിയത്.
തിരുവനന്തപുരത്ത് മേയറായി തെരഞ്ഞെടുത്തത് ബാലസംഘം നേതാവിനെയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലെ സാഹചര്യത്തിൽ സൗമ്യ രാജിനെ പോലുള്ളവരെയാണ് പാർട്ടി പരിഗണിക്കുകയെന്നും ഇത് പാർട്ടി ചർച്ച ചെയ്‌ത് എടുത്ത തീരുമാനമാണെന്നും സിപിഎം ജില്ലാ സെക്രട്ടറി ആർ നാസർ വ്യക്തമാക്കി.