ആലപ്പുഴ: ആലപ്പുഴ ബൈപ്പാസിൽ ഇരവുകാട് ഭാഗത്ത് കഴിഞ്ഞ ദിവസം ഉണ്ടായ വാഹനാപകടത്തിൽ 10 വയസുകാരിക്ക് ദാരുണാന്ത്യം. ഇരവുകാട് വാർഡിൽ കൊമ്പത്താംപറമ്പിൽ എസ് ജയൻ-ഷീബ ദമ്പതികളുടെ മകൾ ദയയാണ് അപകടത്തിൽ മരിച്ചത്. പിതാവിന്‍റെ സഹോദരൻ രഞ്ജിത് പണിക്കർക്കൊപ്പം ബൈക്കിൽ പോകുമ്പോഴായിരുന്നു തൃശൂർ സ്വദേശികളായ സഹോദരിമാർ ഓടിച്ച കാർ ദയ സഞ്ചരിച്ച സ്‌കൂട്ടറിൽ ഇടിക്കുന്നത്.
ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം വിട്ട കാർ ബൈപ്പാസിന്‍റെ സർവീസ് റോഡിലേക്ക് ഇടിച്ചിറങ്ങി സംരക്ഷണ കുറ്റി തകർത്തിട്ടുണ്ട്. ദയ സഞ്ചരിച്ചിരുന്ന സ്‌കൂട്ടർ രണ്ടായി പിളർന്ന് പോയി. അപകടത്തെ തുടർന്ന് തെറിച്ച് വീണ ദയയുടെ കാൽ ഒടിഞ്ഞു മാംസം പുറത്തേക്ക് എത്തിയിരുന്നു. തലയ്ക്കും പരിക്കേറ്റിരുന്നു.
അപകടം നടന്നയുടനെ ആലപ്പുഴ ജനറൽ ആശുപത്രിയിലും തുടർന്ന് വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഇന്ന് മരിച്ചു.