ആലപ്പുഴ :അർത്തുങ്കലിൽ വീട്ടിൽ അതിക്രമിച്ച് കയറി പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസിലെ പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്ന് പൊലീസ് (Arthunkal rape case accused Bangladesh native). ബംഗ്ലാദേശിലെ പിരോജ്‌പൂർ ജില്ലയിലെ താമസക്കാരനായ അരിഫുൾ ഇസ്‌ലാം (26) ആണ് പിടിയിലായത്. കേസിൽ അറസ്റ്റിലായി റിമാൻഡ് ചെയ്‌ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്‌തപ്പോഴാണ് ഇയാൾ ഇന്ത്യയിൽ അനധികൃതമായി പ്രവേശിച്ചതാണെന്ന് കണ്ടെത്തിയത്.
അർത്തുങ്കൽ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഓഗസ്റ്റ് 28ന് ആക്രി പെറുക്കി നടക്കുന്നതിനിടയിൽ വീട്ടുവളപ്പിൽ അതിക്രമിച്ചു കയറി വീട്ടിൽ ഒറ്റക്കായിരുന്ന പെൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചു (sexually assaulting a minor) എന്നതാണ് പ്രതിക്കെതിരെയുള്ള കേസ്. സംഭവ ദിവസം തന്നെ പൊലീസ് ഇയാളെ പിടികൂടിയിരുന്നു.
തുടർന്ന്, കോടതി റിമാൻഡ് ചെയ്‌ത പ്രതിയെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതി ബംഗ്ലാദേശ് സ്വദേശിയാണെന്നും, ഇയാൾക്ക് പാസ്‌പോർട്ടോ വിസയോ ഇല്ലെന്നും, അനധികൃതമായി കഴിഞ്ഞ ജൂണിൽ രാജ്യത്ത് പ്രവേശിച്ചതാണെന്നും കണ്ടെത്തിയത്.
മൊബൈൽ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ബംഗ്ലാദേശിലെ പിരോജ്‌പൂർ ജില്ലയിലെ താമസക്കാരനാണെന്നും കണ്ടെത്തി. അതേസമയം പ്രതിക്കെതിരെ ഫോറിനേഴ്‌സ് ആക്‌ട് പ്രകാരവും പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു. അർത്തുങ്കൽ എസ്‌എച്ച്ഒ പിജി മധു, എസ്‌ഐ ഡി സജീവ് കുമാർ, എസ്‌സിപിഒ ബൈജു കെ ആർ, മനോജ് എൽ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
ഇടുക്കിയിൽ പെണ്‍കുട്ടിക്ക് നേരെ പീഡനം : ഇടുക്കിയിൽ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ പൊലീസ് പിടികൂടിയിരുന്നു. ഇടമലക്കുടി സ്വദേശി മുരുകനെയാണ് (19) രാജാക്കാട് പൊലീസ് പിടികൂടിയത്. മൂന്നു വർഷമായി കോമാളികുടിയിൽ താമസിക്കുന്ന ഇയാൾ മാസങ്ങളായി പെണ്‍കുട്ടിയെ ശാരീരികമായി ഉപദ്രവിച്ച് വരികയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ പെൺകുട്ടിയുമായി ഇടമലക്കുടിയിലേക്ക് പോയി. ഇതിനിടെ കുട്ടിയെ കാണാനില്ലെന്ന് കാട്ടി പെണ്‍കുട്ടിയുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് പെട്ടിമുടിയിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പ്രതിയെ ചെക്ക് പോസ്റ്റിൽ തടഞ്ഞു.
കുട്ടിയെ പ്രതിയിൽ നിന്ന് മോചിപ്പിച്ച ശേഷം നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട വിവരം അറിയുന്നത്. തുടർന്ന് പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം പൊലീസ് കേസെടുക്കുകയായിരുന്നു. അടിമാലി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്‌തു.