രമ്യ ഹരിദാസിനെതിരായ വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചെന്ന് എ കെ ബാലൻ - വിജയരാഘവന്റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചു
തോൽവിയെക്കുറിച്ച് പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ.
![രമ്യ ഹരിദാസിനെതിരായ വിജയരാഘവന്‍റെ പരാമർശം തെരഞ്ഞെടുപ്പിൽ ബാധിച്ചെന്ന് എ കെ ബാലൻ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-3386560-thumbnail-3x2-alathoor.jpg)
പാലക്കാട്: ആലത്തൂരിൽ രമ്യ ഹരിദാസിനെതിരായ വിജയരാഘവന്‍റെ പരാമർശം ലോക്സഭ തെരഞ്ഞെടുപ്പിൽ ബാധിച്ചതായി മന്ത്രി എ കെ ബാലൻ. വിജയരാഘവന്റെ പരാമർശം വോട്ടർമാരെ സ്വാധീനിച്ചിട്ടുണ്ടാകാം. ഇടത് പക്ഷത്തിന്‍റെ ഉറച്ച കോട്ടയായ ആലത്തൂർ മണ്ഡലത്തിലുണ്ടായ തോൽവിയെക്കുറിച്ച് പാർട്ടി തലത്തിൽ സമഗ്ര അന്വേഷണമുണ്ടാകുമെന്നും മന്ത്രി എ കെ ബാലൻ അറിയിച്ചു. വിജയരാഘവന്‍റെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാകാം. എങ്കിലും അത് വോട്ടര്‍മാരെ സ്വാധീനിച്ചിട്ടുണ്ടെന്നും എ കെ ബാലന്‍ വ്യക്തമാക്കി. ആലത്തൂരില്‍ സ്ഥാനാര്‍ഥിത്വം ഉറപ്പിച്ച ശേഷം രമ്യ ആദ്യം ഓടിയെത്തിയത് പാണക്കാട്ടേക്കാണെന്നും പിന്നീട് ഓടിയത് പി കെ കുഞ്ഞാലിക്കുട്ടിയെ കാണാനാണെന്നും ആ പെണ്‍കുട്ടിയുടെ കാര്യം എന്താകുമെന്ന് താന്‍ പറയുന്നില്ലെന്നുമായിരുന്നു എ വിജയരാഘവന്‍റെ പരാമര്‍ശം. പാർട്ടിക്കുള്ളിൽ വിഭാഗീയ പ്രവർത്തനങ്ങൾ നടന്നതായി എം ബി രാജേഷ് അഭിപ്രായപ്പെട്ടിട്ടില്ല. ചെര്‍പ്പുളശേരി സംഭവത്തിലും കൊടുവാള്‍ സംഭവത്തിലും ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് രാജേഷ് പറഞ്ഞതെന്നും എ കെ ബാലന്‍ വ്യക്തമാക്കി.